കാഞ്ഞങ്ങാട് :നിളയുടെ സൗന്ദര്യവും,തുഞ്ചന്‍ പറമ്പിന്റെ ധന്യതയും, തിരുവില്ലാമലയുടെ ആത്മീയ ഭാവവും, കൊല്ലംകോട്ടെ കവിയുടെ തിരുശേഷിപ്പും, ഗുരുവായൂരിലെ സൗന്ദര്യ ദേവന്റെ ദര്‍ശനവും ലഭിച്ച് കവിയുടെ കാല്‍പ്പാടുകള്‍ തേടിയുള്ള മഹാകവിയുടെ മക്കള്‍ ഉള്‍പ്പെടെയുള്ള സംഘം തിരിച്ചെത്തി. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ 94 വയസ്സ് പിന്നിട്ട മകള്‍ ലീല അമ്മാളും 90 വയസ്സ് പിന്നിട്ട മകന്‍ വി രവീന്ദ്രന്‍ നായരും അടങ്ങുന്ന സംഘമാണ് കവിയുടെ കാല്‍പ്പാടുകള്‍ എന്ന പുസ്തക പ്രസിദ്ധീകരിച്ച് 50 വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം അച്ഛന്‍ സഞ്ചരിച്ച വഴികളുടെ സഞ്ചരിച്ച് ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി തിരിച്ചെത്തിയത്.
കവിയുടെ ജന്മദിനമായ ഒക്ടോബര്‍ നാലിന് വെള്ളിക്കോത്ത് കവി ഭവനത്തില്‍ നിന്നും പുറപ്പെട്ട സംഘം ആദ്യദിവസം കവി ഏറെ കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കൂടാളി ഹൈസ്‌കൂളിലെക്കാണ് ആദ്യം എത്തിയത്.തുടര്‍ന്ന് കവി ഏറെക്കാലം കുടുംബത്തോടൊപ്പം താമസിച്ച പൊന്‍മളയിലെ വടയക്കളവും സന്ദര്‍ശിച്ചു.പൊന്‍ മളയില്‍ എത്തിയ സംഘത്തിന് കവിയുടെ ഓര്‍മ്മകള്‍ തുളുമ്പുന്ന ശ്രീധരന്‍ നമ്പീശന്‍ സ്മാരക വായനശാലയില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്.
കവി സംസ്‌കൃതം പഠിച്ച പട്ടാമ്പി പുന്നശ്ശേരി നമ്പി പെരുമുടിയൂര്‍ സംസ്‌കൃത ഹൈസ്‌കൂളില്‍ യുവകവി പി. രാമന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു .കവി വിദ്യാലയത്തിലേക്ക് നടന്നു നീങ്ങിയ കരിമ്പനകള്‍ തളച്ചു വളരുന്ന വഴികളിലൂടെ സഞ്ചരിച്ച സംഘം കവിയുടെ ഇഷ്ട ദേവതയായ ഈഹാപുരേശ്വരി ക്ഷേത്രവും,തുടര്‍ന്ന് സംസ്‌കൃതം പഠിച്ച പട്ടാമ്പി സംസ്‌കൃത കോളേജും സന്ദര്‍ശിച്ചു. കോളേജില്‍ സംഘത്തെ ആശിര്‍വതിക്കുവാന്‍ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിനും,മന്ത്രി വി അബ്ദുല്‍ റഹ്‌മാനും അപ്രതീക്ഷിതമായി എത്തുകയും കവിയുടെ മക്കളുടെ അനുഗ്രഹം തേടിയത് യാത്രയുടെ മാറ്റുകൂട്ടി.
കവിയുടെ മറ്റൊരു താവളമായിരുന്ന തിരുവില്ല്യാമലയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ സന്ദര്‍ശനം ഏറെ വികാര നിര്‍ഭരമായി.ലക്കിടിയില്‍ താമസിക്കുന്ന കവിയുടെ മകള്‍ ബാലാമണി അവിടെ എത്തുകയും സഹോദരനെയും സഹോദരിയെയും കണ്ടപ്പോള്‍ വികാര നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് തിരുവില്ല്യാമലയിലെ ക്ഷേത്രവും കൊല്ലംകോട് കവി ഏറെ കാലം ജോലിചെയ്ത രാജാസ് സ്‌കൂളും കവിയുടെ തിരുശേഷിപ്പ് അവശേഷിക്കുന്ന പി സ്മാരക കലാസാംസ്‌കാരിക കേന്ദ്രവും സന്ദര്‍ശിച്ചു.
ഒരുകാലത്ത് പിയുടെ സന്തതസഹചാരി ആയിരുന്ന ഇയ്യങ്കോട് ശ്രീധരനെയും വസതിയില്‍ എത്തി സംഘം സന്ദര്‍ശിച്ചു. കവിയുമായുള്ള ഏറെ അനുഭവങ്ങള്‍ അദ്ദേഹം സംഘത്തിന് മുമ്പില്‍ പങ്കിട്ടു.
തുടര്‍ന്ന് ഗുരുവായൂരില്‍ എത്തിയ സംഘത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി ഹാളില്‍ വെച്ച് ദേവസ്വം പബ്ലിക്കേഷന്‍ പുന പ്രസിദ്ധീകരിച്ച കവിയുടെ ‘തുരുമുടിമാല ‘ എന്ന കവിത സമാഹാരത്തിന്റെ കോപ്പി ലീലഅമ്മാള്‍ക്കും രവീന്ദ്രന്‍ നായര്‍ക്കും നല്‍കി പുതിയ പതിപ്പ് പ്രകാശനം ചെയ്തു. ദേവസ്വം ബോര്‍ഡ് മെമ്പര്‍
മനോജ്, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ മകന്‍ ഷൈജു , മറ്റു ദേവസ്വം പ്രസിദ്ധീകരണ വിഭാഗം ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി കവിയുടെ മക്കളുമായി സൗഹൃദം പങ്കിട്ടു. തുടര്‍ന്ന് തുഞ്ചന്‍പറമ്പില്‍ എത്തിയസംഘം കുഞ്ഞിരാമന്‍ നായരുടെ തുഞ്ചംപറമ്പിലെ ഓര്‍മ്മകള്‍ പങ്കിട്ടു. പിന്നിടാണ് മടക്കയാത്ര ആരംഭിച്ചത്. കവിയുടെ മകന്‍ വീ രവീന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കിയ യാത്രയില്‍ പ്രശസ്തരായ കവിയും എഴുത്തുകാരും പുസ്തക രചിതാക്കളും,നാടക പ്രവര്‍ത്തകരും വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 25 പേരാണ് ഉണ്ടായിരുന്നത്.
