കോഴിക്കോട്ട് 7വയസ്സുകാരനെ ചാക്കില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി,ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

കോഴിക്കോട്: പുതിയകടവ് ബീച്ചിന് സമീപം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ബേപ്പൂര്‍ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെ യാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്. സംഭവത്തില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ചാക്കില്‍ കയറ്റി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. ഇതരസംസ്ഥാനക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വീടിനു തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോള്‍ ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും ഇതുകണ്ടുനില്‍ക്കുകയായിരുന്ന തങ്ങള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു. ബീച്ചിലേക്കോടിയ അവരുടെ പിന്നാലെ ഓടിയതായും ആളുകളോട് പറയുകയും ആളുകള്‍ ചേര്‍ന്ന് അവരെ പിടികൂടിയതായും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു. ജനം തിങ്ങിപ്പാര്‍ക്കുന്നിടത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!