ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെര്‍ക്കള എന്നിവിടങ്ങളില്‍
പാര്‍ശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്കും ഇതിനകം നിര്‍ദ്ദേശം രേഖാമൂലം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍മ്മാണ കരാര്‍ കമ്പനിയായ മേഘയില്‍ നിന്നും ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ച വിശദ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കും പരിശോധനയ്ക്കുമായി ദേശീയപാത അതോറിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
ഇതിനു പുറമേ ജില്ലാ കളക്ടര്‍ നിയോഗിച്ച ഡെപ്യൂട്ടി കളക്ടര്‍ എല്‍ ഏയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഒരാഴ്ചയായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തിവരികയാണ് പരിശോധന ഇന്ന് പൂര്‍ത്തീകരിക്കും.
തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹൈവേയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ കണ്ടിന്‍ജന്‍സി പ്ലാന്‍ (അടിയന്തര സാഹചര്യ പദ്ധതി) തയ്യാറാക്കും . ദുരന്ത സാധ്യത തടയാന്‍ അടിയന്തര നിര്‍മ്മാണം നടത്തേണ്ട മേഖലകള്‍ , കാലവര്‍ഷത്തില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങള്‍ ദുരന്ത സാഹചര്യങ്ങള്‍ തടയാനുള്ള നടപടികള്‍, ഗതാഗതം തിരിച്ചുവിടേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍, അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍, ക്യാമ്പുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതായിരിക്കും കണ്ടിന്‍ജന്‍സി പ്ലാന്‍.
അടിയന്തര ദുരന്ത സാഹചര്യം നേരിടുന്നതിനുള്ള രേഖ നാളെ വൈകിട്ട് മൂന്നുമണിക്ക് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കും. യോഗത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍, ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ,ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ കരാര്‍ കമ്പനികളുടെ പ്രതിനിധികള്‍, പരിശോധന നടത്തിയ വിദഗ്ധസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു .
യോഗത്തില്‍ അവതരിപ്പിക്കുന്ന കണ്ടിന്‍ജന്‍സി പ്ലാന്‍ ജനപ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് അന്തിമമാക്കുക. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് രേഖ അനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കാലവര്‍ഷത്തിനു മുന്നോടിയായി അടിയന്തര നടപടി ഭാഗമായി ഇന്ന് രണ്ട് ഉത്തരവിറക്കും. മട്ടലായി കുന്നിന്
മുകളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന ഇലക്ട്രിക് ഹൈടെന്‍ഷന്‍ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടിക്ക് ഉത്തരവ് നല്‍കും
ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായാല്‍ വാഹനങ്ങള്‍ കാസര്‍ഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയിലൂടെ വഴിതിരിച്ചുവിടുന്നതിന് ഈ റോഡില്‍ യാത്ര സുഗമമാക്കുന്നതിനും കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ രൂപപ്പെട്ട വലിയ കുഴികള്‍ നികത്തുന്നതിന് ഉത്തരവ് നല്‍കുന്നതാണ്. ദേശീയപാത അതോറിറ്റി കരാര്‍ നിര്‍മാണക്കമ്പനിയുടെ മെറ്റീരിയല്‍സ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഉത്തരവ്നല്കുന്നത്.
