മോഷണക്കേസില്‍ കസ്റ്റഡിയിലുള്ള യുവതി ആറ് വീടുകളില്‍ നിന്നായി കവര്‍ന്നത് 25 പവന്‍; 15 പവന്‍ കണ്ടെടുത്തു; പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ചന്തേര: പട്ടാപ്പകല്‍ പൂട്ടിയ വീടു തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് പിടിയിലായി റിമാന്റിലായ പ്രതിയെ കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തപ്പോഴാണ് അഞ്ച് കവര്‍ച്ചകള്‍ക്ക് കൂടി തുമ്പായത്. ചെറുവത്തൂര്‍ കാടങ്കോട് അസൈനാര്‍ മുക്കിലെ വാടക ക്വാട്ടേര്‍സില്‍ താമസി ക്കുന്ന പിലിക്കോട് കാര്‍ഷിക വികസന കോളേജിലെ തൊഴിലാളിയും ഐ എന്‍ ടി യു സി പ്രവര്‍ത്തകയുമായ കെ. ബിന്ദു(44) കാഞ്ഞങ്ങാട് – ഡിവൈ.എ
സ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ചന്തേര എസ്‌ഐ കെ പി സതീഷും സംഘവും ചോദ്യം ചെയ്തപ്പോഴാണ് 2024 ല്‍ ചെറുവത്തൂര്‍ തുരുത്തി നെല്ലിക്കാലിലെ ഷാജിയുടെ വീട്ടില്‍ നടന്ന 10 പവന്‍ കവര്‍ച്ച, 2024 ഡിസംബറില്‍ ലസിത മുട്ടത്തിന്റെ വീട്ടില്‍ നടന്ന മൂന്നേ മുക്കാല്‍ പവന്‍ കവര്‍ച്ച, ചെറുവത്തൂര്‍ പയ്യങ്കിയിലെ വിജിനയുടെ വീട്ടില്‍ നടന്ന 2 പവന്‍ കവര്‍ച്ച, പിലിക്കോട്ടെ തോട്ടം തൊഴിലാളി കോതോളിയിലെ പുഷ്പയുടെ വീട്ടിലെ 3 പവന്‍ കവര്‍ച്ച, 2024 ല്‍ കാടങ്കോട്ടെ ജാനകിയുടെ വീട്ടിലെ 3 പവന്‍ കവര്‍ച്ചയും പ്രതി സമ്മതിച്ചത്.

മോഷ്ടിച്ച സ്വര്‍ണ്ണം ചെറുവത്തൂരിലെ മാര്‍വാടികള്‍ക്കും നീലേശ്വരത്തെ ജ്വല്ലറിയിലും വിറ്റതായി ബിന്ദു പോലീസിനോട് വെളിപ്പെടുത്തി.
മറ്റ് ചില സ്ഥലങ്ങളിലും പ്രതി മോഷണം നടത്തിയതായി സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27 നാണ് ചെറുവത്തൂര്‍ പയ്യങ്കിയിലെ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഈ കേസിന്റെ അന്വേഷണമാണ് മറ്റ് കേസിലും വഴി തിരിവായത്.

പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി ആദ്യം കവര്‍ച്ച വിവരം മറച്ചു വെക്കുകയായിരുന്നു. പിന്നീട് കവര്‍ച്ച നടത്തിയ പല സ്ഥലങ്ങളിലെയും യുവതിയുടെ സാന്നിധ്യം പോലീസ് തെളിവ് സഹിതം നിരത്തിയപ്പോള്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.  ഇതോടെ അന്വേഷണം നിലച്ച അഞ്ചു മോഷണ കേസുകളിലും തുമ്പായി . ഇതില്‍ ഷാജിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയുടെ സ്വര്‍ണാഭരണങ്ങള്‍ ഒഴികെ ബാക്കി എല്ലാ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. പയ്യങ്കിയിലെ പ്രവാസി വല്‍സന്റെ വീട് തുറന്ന് മൂന്നര പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ചന്തേര പോലീസിന്റെ പിടിയിലായത്. ഇവിടെ നിന്ന് മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറച്ചു ഭാഗങ്ങള്‍ തിമിരി സര്‍വീസ് ബാങ്കില്‍ മകളെക്കൊണ്ട് ബിന്ദു പണയം വെപ്പിച്ചിരുന്നു. ഇതും നീലേശ്വരത്തെ ജ്വല്ലറിയില്‍ വില്പന നടത്തിയ സ്വര്‍ണവും പോലീസ് നേരത്തെ
കണ്ടെടുത്തിരുന്നു .

പ്രതി കവര്‍ച്ച നടത്തിയ വീടുകള്‍ എല്ലാം യുവതിക്ക് അടുത്ത പരിചയമുള്ളവരുടെയും ബന്ധുക്കളുടെയും വീടുകളാണ്. താക്കോല്‍ കൃത്യമായി വെക്കുന്ന സ്ഥലം മനസ്സിലാക്കി വീട് തുറന്നു ആഭരണങ്ങള്‍ കൈക്കലാക്കി അതേപോലെ താക്കോല്‍ തിരിച്ചുവയ്ക്കുന്ന കവര്‍ച്ചാ രീതിയാണ് ബിന്ദു ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ ബിന്ദുവിനെ ആരും സംശയിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ വൈകിട്ട് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. ഷാജിയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുടെ സ്വര്‍ണാഭരണങ്ങളും മറ്റും കണ്ടെടുക്കുന്നതിനായി വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തോട്ടം അധികാരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നിര്‍ദ്ദേശാനുസരണം ചന്തേര എസ് ഐ കെ പി സതീഷും സംഘവുമാണ് ഇത്രയും കേസുകള്‍ക്ക് തുമ്പു ഉണ്ടാക്കിയത്. അന്വേഷണ സംഘത്തില്‍ എസ് ഐ സുരേഷന്‍ ക്ലായിക്കോട്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഹരീഷ്, രതീശന്‍, സുധീഷ് ഓരി , രഞ്ജിത്ത്, അജിത്ത്, ഷാജു , നിഷ സൗമ്യ, ഡ്രൈവര്‍ ജിതിന്‍ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!