കാസര്‍കോട്: വേതന വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തൊഴിലാളികള്‍ സ്ഥാനഭ്രഷ്ടരാക്കുന്ന കാലം വിദൂരമല്ലെന്നും വരും ദിവസങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേരളമെമ്പാടും സമരങ്ങള്‍ അരങ്ങേറുമെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് നഗരത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാട്ട പിരിവുകാര്‍ നടത്തുന്ന സമരമെന്നാണ് സിഐടിയു നേതാവ് ആശാവര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ചത്. സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ലക്ഷക്കണക്കിന് രൂപയാണ് ഹോണറേറിയം കൈപ്പറ്റുന്നത്. അതേസമയം സമൂഹത്തില്‍ വിശ്രമമില്ലാതെ, നാമമാത്രമായ തുക കൈപറ്റി പ്രവര്‍ത്തിക്കുന്നവരാണ് ആശാവര്‍ക്കര്‍മാരെന്നും അവരുടെ സമരത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും സി കെ പത്മനാഭന്‍ ആവശ്യപ്പെട്ടു.
കോ-ബ്രാന്‍ഡിംഗ് നടപ്പാക്കിയാല്‍ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന് പിണറായി സര്‍ക്കാര്‍ ഭയക്കുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കുന്നതെന്ന് ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജനപ്രതിനിധികളായ സവിത ടീച്ചര്‍, എം. ജനനി, പുഷ്പ ഗോപാലന്‍, പ്രമീള മജല്‍, യശോദ എന്നിവര്‍സംസാരിച്ചു.
പിണറായി വിജയനെ തൊഴിലാളികള്‍ സ്ഥാനഭ്രഷ്ടരാക്കുന്ന കാലം വിദൂരമല്ല: സി കെ പദ്മനാഭന്‍
