പെരിയ: മൂന്നാംകടവ് പുളിക്കാലില്‍ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ബുധനാഴ്ച രാവിലെ 6 മണിക്ക് പുളിക്കാല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും റോഡ് മുറിച്ചു കടന്നു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് കടന്നു പോയ പുലിയെ ബൈക്ക് യാത്രക്കാരി കണ്ടതിനെ തുടര്‍ന്ന് അപ്പോള്‍ തന്നെ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന നാട്ടുകാരെ അറിയിക്കുകയും ചെയ്തു.
പുളിക്കാല്‍ പരപ്പക്കെട്ട് വഴി മൂന്നാംകടവ് പുഴയുടെ ഭാഗത്തേക്ക് കടന്നു പോയതായി കരുതുന്ന പുലി ഇന്നലെ രാത്രി 10 മണിക്ക് വീണ്ടും പുളിക്കാല്‍ പള്ളി പരിസരത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവര്‍ നേരില്‍ കാണുകയും നാട്ടുകാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ വോയ്സ് ഓഫ് പുളിക്കാല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ഫസല്‍ മൂന്നാംകടവിന്റെ നേതൃത്വത്തില്‍ ക്ലബ്ബിന്റെ 20 ഓളം പ്രവര്‍ത്തകര്‍ രാത്രി 12 മണി വരെ പള്ളിയുടെ അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ മുഴുവനും പരിശോധന നടത്തി. അതിനിടയില്‍ വീണ്ടും ക്വാര്‍ട്ടേഴ്സ് പരിസരത്തേക്ക് പുലി എത്തുകയും ചെയ്തത് ആകെ പരിഭ്രാന്തി പരത്തി. വീട്ടുകാരും ക്ലബ് പ്രവര്‍ത്തകരും പുലിയെ നേരില്‍ കണ്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പുലികള്‍ ഈ പരിസരത്ത് ഉള്ളതായി മനസിലാക്കുന്നുവെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്ലബ് പ്രവര്‍ത്തകര്‍ പറഞ്ഞു.
