വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പെരുമ്പളയിലെ നിധീഷിന്റ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനേകും

ചട്ടഞ്ചാല്‍ : വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച പെരുമ്പളയിലെ യുവ സൈനികന്‍
പെരുമ്പള ചെല്ലൂഞ്ഞി തെക്കേവളപ്പില്‍ കെ. നിധീഷിന്റെ (34) അവയവങ്ങള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആറുപേര്‍ക്ക് പുതുജീവനേകും. ശനിയാഴ്ച അര്‍ധരാത്രിയോടെ ചട്ടഞ്ചാല്‍ ടൗണിലെ അടിപ്പാതയ്ക്ക് സമീപത്തെ ഹമ്പില്‍ തട്ടി സ്‌കൂട്ടര്‍ മറിഞ്ഞ് നിധീഷിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ നിധീഷിനെ പിറ്റേദിവസം സൈനിക ഉദ്യോഗസ്ഥരെത്തി ബെംഗളൂരുവിലെ എയര്‍ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കിയതോടെ സൈനിക ഉദ്യോഗസ്ഥര്‍ നിധീഷിന്റെ കുടുംബവുമായി അവയവദാനത്തെപ്പറ്റി സംസാരിച്ചു.

ബെംഗളൂരുവിലെ എയര്‍ ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയിലെത്തി ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ സമ്മതം അറിയിച്ചതോടെ അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങുകയായിരുന്നു. ഹൃദയം ചെന്നൈ എം.ജി.എം. ഹെല്‍ത്ത് കെയറിലുള്ള 78-കാരനില്‍ ഇനി തുടിക്കും. ശ്വാസ കോശം ചെന്നൈ ഗ്ലെനീഗിള്‍സ് ആശുപത്രിയിലുള്ള 37കാരനാണ് പുതുശ്വാസമാകുക. കരളും വലത് വൃക്കയും ഡല്‍ഹി എ.എ ച്ച്.ആര്‍. ആന്‍ഡ് ആര്‍ ആശുപത്രിക്ക് നല്‍കും. ഇടത് വൃക്ക ബെംഗളൂരു എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള 37- കാരിക്ക് ആശ്വാസമേകും. കോര്‍ണിയസ് ഡല്‍ഹി എ.എ ച്ച്.ആര്‍. ആന്‍ഡ് ആര്‍ ആശുപത്രിക്ക് കൈമാറും. എയര്‍ഫോഴ്സ് ആശുപത്രിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാത്രി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 2014-ല്‍ സൈന്യത്തില്‍ ചേര്‍ന്ന നിധീഷിന് രണ്ടുവര്‍ഷം മുന്‍പാണ് ഹരിയാന അംബാലയിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. രണ്ടാഴ്ച മുന്‍പാണ് അവധിക്ക് നാട്ടില്‍ എത്തിയത്. അച്ഛന്‍: പരേതനായ എം.പി. രാജന്‍. അമ്മ: കളിങ്ങോന്‍ പാര്‍വതി.ഭാര്യ: എം. ആതിര. സഹോദരങ്ങള്‍: കെ. നിഷ (ആയമ്പാറ), കെ. നിഷാന്ത് (ഓട്ടോഡ്രൈവര്‍, കാസര്‍കോട്). മൃതദേഹം ഇന്ന് രാവിലെ 7.30ന് പെരുമ്പള യൂത്ത് ക്ല ബില്‍ പൊതുദര്‍ശനത്തന് വെച്ചു. തുടര്‍ന്ന് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍സംസ്‌കരിച്ചു

error: Content is protected !!