കാഞ്ഞങ്ങാട് പോലീസിനെ ആക്രമിച്ച കേസിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ച് കടന്ന മണല്‍ മാഫിയ സംഘത്തിലെ ഒരാളെ ഹോസ്ദുര്‍ഗ് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. നീലേശ്വരം അനന്തംപള്ളയിലെ ഫെസലിനെ (35) ആണ് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ട് അഭിഭാഷകനെ കാണാനെത്തിയപ്പോള്‍ നാടകീയമായി പിടിച്ചത്.

കാറിലുണ്ടായിരുന്ന ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസിനെ കണ്ടതോടെ തിരക്കേറിയ റോഡില്‍ കാര്‍ ഉപേക്ഷിച്ച് ഓടി. ഫൈസലിനെ മാത്രമാണ് പോലീസിന് പിടിക്കാനായത്. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ജനുവരി 30 നാണ് പോലീസ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് മണല്‍ മാഫിയ സംഘം കടന്നു കളഞ്ഞത്. മണല്‍ കയറ്റി വന്ന ടിപ്പര്‍ ലോറിയെ കുളിയങ്കാലില്‍ തടയാനുള്ള പോലീസ് ശ്രമം പരാജയപ്പെട്ടു. കിലോ മീറ്ററുകള്‍ക്കപ്പുറം ജില്ലാ ആശുപത്രിക്കു മുന്നില്‍ എസ്.ഐ. കാറുമായി നില്‍പ്പുണ്ടായിരുന്നു. ഈ കാര്‍ ഇടിച്ചു തെറിപ്പിച്ച ശേഷം കാഞ്ഞങ്ങാട്ടേക്കു വന്ന ലോറി കിഴക്കുംകരയില്‍ വെച്ച് പോലീസ് തടയാന്‍ ശ്രമിച്ചു. അവിടെ പോലീസിനെ വെട്ടിച്ച് മുന്നോട്ട് പോയ ലോറി മാവുങ്കാലില്‍ റോഡിന് കുറുകെയിട്ട പോലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടു പോയി.പോലീസ് സംഘം പിന്നാലെയുണ്ടെന്ന് കണ്ടതോടെ മണല്‍ മുഴുവന്‍ റോഡില്‍ തട്ടി കടന്നു കളയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു

error: Content is protected !!