കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും സിനിമാ തിയേറ്ററുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന; വിനോദ നികുതി പിരിവിലെ ഗുരുതര വീഴ്ച
കാഞ്ഞങ്ങാട്: വിനോദ നികുതി പിരിവിലെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും രണ്ട് സിനിമാ തിയേറ്ററുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കാസര്‍കോട് യൂണിറ്റും സംസ്ഥാന ജി.എസ്.ടി വകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഓഫീസ്, വിജിഎം മള്‍ട്ടിപ്ലക്സ്, ദീപ്തി തിയേറ്റര്‍ എന്നിവിടങ്ങളിലാണ് സംഘം എത്തിയത്. ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് മുനിസിപ്പാലിറ്റിക്ക് ലഭിക്കേണ്ട വിനോദ നികുതി മാസങ്ങളായി അടച്ചിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിജിഎം മള്‍ട്ടിപ്ലക്സ് മാനേജ്മെന്റ് 2025 നവംബര്‍ മുതല്‍ ഇതുവരെ നികുതി അടച്ചിട്ടില്ലെന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. ദീപ്തി തിയേറ്ററിലെ ടിക്കറ്റ് വില്‍പ്പന കണക്കുകളും നികുതി അടവ് രേഖകളും സംഘം വിശദമായി പരിശോധിച്ചു.
നികുതി പിരിവില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. പ്രതിമാസ ടിക്കറ്റ് വില്‍പ്പന കണക്കുകള്‍ കൃത്യമായി പരിശോധിക്കാതിരുന്നതും കുടിശ്ശിക പിരിച്ചെടുക്കാതിരുന്നതും ഉദ്യോഗസ്ഥരുടെ വീഴ്ചയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കും.
ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എ.എസ്.ഐമാരായ റിജേഷ്, സന്തോഷ്, രാജേഷ്, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തിയേറ്ററുകളിലെ ബില്ലിംഗ് സോഫ്റ്റ്വെയര്, ഓണ്‍ലൈന്‍ ബുക്കിംഗ് വിവരങ്ങള്‍, ജി.എസ്.ടി റിട്ടേണുകള്‍ എന്നിവ സംഘം ശേഖരിച്ചു.
കുടിശ്ശിക തുക പിഴ സഹിതം തിട്ടപ്പെടുത്തി ഈടാക്കാനും ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ തുടര്‍നടപടി സ്വീകരിക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കാസര്‍കോട് വിജിലന്‍സ് യൂണിറ്റ് അറിയിച്ചു.

