local news

ഓട്ടോ-ടാക്‌സി നിരക്ക് കൂടും; ജനുവരി 1 മുതല്‍ പുതിയ നിരക്ക്, പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ കൂടും. അടുത്തവര്‍ഷം ജനുവരി 1 മുതലാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഗതാഗത മന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന 24 മണിക്കൂര്‍ ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. നിലവിലെ മിനിമം ചാര്‍ജായ 30 രൂപ 50 രൂപയാക്കി ഉയര്‍ത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. നിരക്ക് വര്‍ധന പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കും. കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ജനുവരി 1 മുതല്‍ എത്ര രൂപയാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.2022 ഏപ്രില്‍ 22-നാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചതെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി സി.പി. ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് പരിഷ്‌കരിക്കണമെന്ന യൂണിയനുകളുടെ ആവശ്യം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണ്. ഇതിനായി ഉടന്‍ തന്നെ കമ്മിഷനെ രൂപവത്കരിക്കാനും തീരുമാനിച്ചു. 2027-ല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും സി.പി. ജോണ്‍ പറഞ്ഞു.
നിരക്ക് വര്‍ധനയ്ക്ക് പുറമെ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവെച്ച മറ്റ് ചില ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇ.എസ്.ഐ അനുവദിക്കുക, മഞ്ഞ ബോര്‍ഡ് വെക്കാതെ ഓടുന്ന ടൂവീലര്‍ ടാക്‌സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവര്‍മാര്‍ക്ക് വിശ്രമമുറി ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

 

error: Content is protected !!