വി.ഡി. സതീശന്‍ സര്‍ക്കാര്‍ രാജിവെച്ച് മാതൃകയാകണം: ശോഭാ സുരേന്ദ്രന്‍

കാസര്‍കോട്: എസ്.ഐ.ആറിനെതിരായ പോരാട്ടം നടത്തുന്ന ഇണ്ടി മുന്നണി സ്വന്തം മുഖ്യമന്ത്രിമാരോട് ആദ്യം രാജിവെച്ച് മാതൃകയാകാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഭരണപരാജയത്തിനും സമൂഹത്തില്‍ രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാനുള്ള എല്‍ഡിഎഫ്‌യുഡിഎഫ് മുന്നണികളുടെ ശ്രമങ്ങള്‍ക്കുമെതിരെ ബിജെപി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രതിപക്ഷത്തിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ ബിജെപി എക്കാലവും തയ്യാറായിരുന്നുവെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോലും മാര്‍ച്ച് നടത്തി ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ ആചാര ലംഘനം നടത്താനുള്ള ശ്രമത്തിനിടെ നിരോധനാജ്ഞ പുറപ്പെടുവിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിണറായി വിജയനും അതീവ സുരക്ഷാ മേഖലകള്‍ ഉള്‍പ്പെടുന്ന രാജ്യ തലസ്ഥാനത്തെ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് പരിഹാസ്യമാണ്. ബിജെപി നേതാക്കള്‍ക്ക് ഇതിലും രൂക്ഷമായ മര്‍ദ്ദനങ്ങള്‍ പലപ്പോഴും പല സമരമുഖത്തും ലഭിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇരവാദം നടത്തുകയോ പൊലീസിനെതിരെ തിരിയുകയോ ചെയ്തിട്ടില്ലെന്ന് ശോഭ പറഞ്ഞു.
അഴിമതിക്കാരായ പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ദൗത്യമാണ് വി.ഡി. സതീശന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കേരളത്തിന്റെ അതിര്‍ത്തിവരെ രണ്ട് വ്യത്യസ്ത സംഘങ്ങളായി സഞ്ചരിച്ച ഇടത്-വലത് മുന്നണികള്‍, കേരളം വിട്ടതോടെ ഒറ്റക്കെട്ടായി ഡല്‍ഹിയിലെത്തി മോദിവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത് സ്വന്തം അണികളോടുള്ള വഞ്ചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം എല്‍ .അശ്വിനി എംഎല്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, കണ്ണൂര്‍ മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന സമിതി അംഗങ്ങളായ വി. രവീന്ദ്രന്‍, അഡ്വ. ബാലകൃഷ്ണ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത ടീച്ചര്‍, രവീശ തന്ത്രി കുണ്ടാര്‍, പ്രമീള സി. നായിക്, എ. വേലായുധന്‍, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സീന ശശി, എസ്.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. കയ്യാര്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്‌നാനി ഷാന്‍ബാഗ്, കാറടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജനനി എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!