സംസ്‌കാര സാഹിതി സാംസ്‌കാരികോത്സവം 25ന്; ചൊറിയന്‍ പുഴു യുദ്ധം’അരങ്ങിലെത്തും

കാഞ്ഞങ്ങാട്: കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സായാഹ്നം-ആദരം, സമാദരം, കലാപരിപാടികള്‍ 25 ന് ആലാമിപ്പള്ളി രാജ് റസിഡന്‍സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരുവനന്തപുരം സാഹിതി തീയറ്റേഴ്സിന്റെ ചൊറിയന്‍ പുഴു യുദ്ധം നാടകവും അരങ്ങേറും. വൈകീട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ മഹേഷ് എംഎല്‍എ, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എ മാരായ കെ നീലകണ്ഠന്‍, സന്ദീപ് വാര്യര്‍, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, തുടങ്ങി നിരവധി നേതാക്കളും സാംസ്‌കാരിക നായകരും സംബന്ധിക്കും. കേരള സംഗിത നാടക അക്കാദമി സെക്രട്ടറി എം വി പ്രദീപ് കുമാര്‍, സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാനും സിനിമാ താരവും സംവിധായകനുമായ ആലപ്പി അഷറഫ്, കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എം പ്രദീപ്കുമാര്‍ എന്നിവരെയും, ജില്ലയിലെ മറ്റു നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരെയും ചടങ്ങില്‍ അനുമോദിക്കും. കലാമണ്ഡലം സൗമ്യ ബി കൃഷ്ണയുടെ സോളോ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും അരങ്ങേറും. ജില്ലാ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പരിപാടികള്‍ വിലയിരുത്തി. നഗരസഭാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അനില്‍ വാഴുന്നോറോടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് സംസാരിച്ചു. പരിപാടിയുടെ വിജയത്തിന് വിവിധ സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു. സാമ്പത്തികം- അനില്‍ വാഴുന്നോറോടി (കണ്‍വീനര്‍), പി കെ വിനയകുമാര്‍, ബാലാമണി (ജോ. കണ്‍.). പ്രചരണം- അഡ്വ. ഗംഗാധരര്‍ കുട്ടമത്ത് (കണ്‍.), രാമകൃഷ്ണന്‍ മോനാച്ച, ടോംസണ്‍ മാസ്റ്റര്‍ (ജോ. കണ്‍). സോഷ്യല്‍ മീഡിയ- ഡോ. ദിവ്യ(കണ്‍.), പ്രഭന്‍ നീലേശ്വരം (ജോ. കണ്‍.) മീഡിയ സെല്‍- ബാബു മാസ്റ്റര്‍ (കണ്‍.), രാജീവന്‍ (ജോ. കണ്‍) എന്നിവരാണ് ഭാരവാഹികള്‍.

 

error: Content is protected !!