റേഷന്‍ വ്യാപാരി കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു

വെള്ളരിക്കുണ്ട്: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ) വെള്ളരിക്കുണ്ട് താലൂക്ക് കണ്‍വെന്‍ഷനും കുടുംബ സഹായ ഫണ്ട് വിതരണവും നടത്തി.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ അഡ്വ. ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സജീവ് പാത്തിക്കര അധ്യക്ഷത വഹിച്ചു.അന്തരിച്ച കോടോത്ത് റേഷന്‍ വ്യാപാരി ജോസ് മാത്യുവിന്റെ കുടുംബത്തിന് സംഘടനയുടെ കാരുണ്യ സ്പര്‍ശം പദ്ധതി പ്രകാരമുള്ള അഞ്ച് ലക്ഷം രൂപയുടെ സഹായമാണ് വിതരണം ചെയ്തത്. സംസ്ഥാന കമ്മിറ്റിയാണ് തുക അനുവദിച്ചത്.
കോവിഡ് കാലത്ത് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ച 65 റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും സഹായം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സംഘടന കാരുണ്യ സ്പര്‍ശം പദ്ധതി ആരംഭിച്ചത്.
2025 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയില്‍ 14 ജില്ലകളിലെയും വ്യാപാരികള്‍ അംഗങ്ങളാണ്. 2026 സെപ്റ്റംബര്‍ 30 വരെ മരണപ്പെട്ട 38 വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ രണ്ടാമത്തെ വിതരണമാണ് വെള്ളരിക്കുണ്ടില്‍ നടന്നത്.
പദ്ധതി പ്രകാരം പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം, ചികിത്സാ സഹായം, അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്നിവയും നല്‍കും.
സര്‍ക്കാര്‍ പ്രതിവര്‍ഷം റേഷന്‍ വ്യാപാരികളുടെ തുച്ഛമായ വേതനത്തില്‍ നിന്ന് 1200 രൂപ ക്ഷേമനിധി പ്രീമിയമായി പിടിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു ഗുണവും ലഭിക്കുന്നില്ലെന്നും, ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിനതീതമായി എ.കെ.ആര്‍.ആര്‍.ഡി.എ കാരുണ്യ സ്പര്‍ശം പദ്ധതി വിജയകരമായി നടപ്പാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി പദ്ധതി വിശദീകരിച്ചു. സംസ്ഥാന നേതാക്കളായ പി.കെ. അബ്ദുള്‍ റഹിമാന്‍, ശങ്കര്‍ ബെള്ളിഗ, എ. നടരാജന്‍, ജില്ലാ നേതാക്കളായ സതീശന്‍ ഇടവേലി, കെ. ശശിധരന്‍, തൃക്കരിപ്പൂര്‍ സുരേശന്‍ മേലാങ്കോട്, ഗഫൂര്‍, ബാലകൃഷ്ണ ബല്ലാള്‍, പ്രദീപ് എം, രാജേന്ദ്രന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍, ശശിധരന്‍ പെരിയങ്ങാനം, പ്രമോദ് മങ്കയം എന്നിവര്‍ സംസാരിച്ചു.
കെ.എന്‍. ഹരിദാസ് സ്വാഗതം പറഞ്ഞു.

 

error: Content is protected !!