അമ്പലത്തറ: ദമ്പതികളെയും യുവാവിനെയും മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയുടെ വീട് ആക്രമിച്ച ശേഷം തീവെച്ച് കത്തിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ബേളൂര്‍ അട്ടേങ്ങാനം വെള്ളമുണ്ടയിലെ വി. സുനില്‍ (48), കെ. സുഭാഷ് (37) എന്നിവരാണ് അറസ്റ്റിലായത്. രാജപുരം ഇന്‍സ്‌പെക്ടര്‍ എ. സന്തോഷിന്റെ നേതൃത്വത്തില്‍ അമ്പലത്തറ എസ് എച്ച് ഒ എം. സവ്യസാചി, എസ്.ഐ. എം.വി. പ്രകാശന്‍, സി.പി.ഒ ശശികുമാര്‍, എസ്.സി.പി.ഒ ഷിനോയ്, ഡ്രൈവര്‍ എ.എസ്.ഐ ബിജു കീനേരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബേളൂര്‍ അട്ടേങ്ങാനം വെള്ളമുണ്ടയിലെ ശരത്തിന്റെ വീടാണ് കത്തിച്ചത്. ശരത്തിന്റെ മാതാവ് അനിത കഴിഞ്ഞ മാസം 28ന് വീട് പൂട്ടി തൃശൂരില്‍ പോയതായിരുന്നു. ഈ സമയത്തായിരുന്നു വീടിന് തീവെച്ചത്. വീടിനുള്ളിലെ ഫര്‍ണിച്ചറുകളും വാതിലുകളും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തിച്ച നിലയിലായിരുന്നു. വീടിന്റെ ജനാലകള്‍ അടക്കം അടിച്ചുതകര്‍ത്തിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. തീവെപ്പ് സമയത്ത് പ്രതികള്‍ക്ക് പൊള്ളലേറ്റതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒടയംചാലിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് ഇവര്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിച്ചിരുന്നു ഇതും പോലീസ് അന്വേഷണം കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ ശരത്ത് അയല്‍വാസികളായ അട്ടേങ്ങാനം വെള്ളമുണ്ടയിലെ രാഘവന്‍ നായര്‍ (72), ഭാര്യ ഇന്ദിര (65), അയല്‍വാസി യദുചന്ദ്രന്‍ (28) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള ദമ്പതികള്‍ പരിയാരം മെഡിക്കല്‍ കോളേജിലും പരിക്കേറ്റ യുവാവ് കാസര്‍കോട് ആസ്റ്റര്‍ മിംസിലും ചികിത്സയിലാണ്.
