പുല്ലൂര്‍: ചാലിങ്കാല്‍ മൊട്ടയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ 13 വര്‍ഷം മുമ്പ്, 2013-ല്‍ വിടപറഞ്ഞ സുഹൃത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തി വര്‍ഷാവര്‍ഷം മുടങ്ങാതെ കാരുണ്യപ്രവര്‍ത്തനവുമായി പുല്ലൂര്‍ ഹൊറര്‍ ഗയ്സ് പ്രവര്‍ത്തകര്‍. പുല്ലൂര്‍ ഹൊറര്‍ ഗയ്സ് ഡാന്‍സ് ആന്‍ഡ് മിമിക്സ് സംഘാംഗവും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ജി.കെ. ഹനീഷാണ് അപകടത്തില്‍ മരണപ്പെട്ടത്. ഹനീഷിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഓര്‍മ്മനാളില്‍ സുഹൃത്തുക്കള്‍ എല്ലാ വര്‍ഷവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.തങ്ങള്‍ ജോലി ചെയ്ത് മിച്ചം വെച്ച് സ്വരൂപിക്കുന്ന തുകയിലൂടെയാണ് ഇവര്‍ സഹായം നല്‍കുന്നത്. ഇതിനകം നിരവധി പേര്‍ക്ക് ചികിത്സാ സഹായമുള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ഇത്തവണ നമ്പ്യാറടുക്കത്തെ ശിവരാമന് ചികിത്സാ സഹായമാണ് ഹനീഷിന്റെ ഓര്‍മ്മനാളില്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കൈമാറിയത്.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.വി. സുകുമാരന്റെ സാന്നിധ്യത്തില്‍ ചികിത്സാ സഹായം കൈമാറി. ഹൊറര്‍ ഗയ്സ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും യുവാക്കളുടെ ഈ സദുദ്ദേശത്തെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൊറര്‍ ഗയ്സ് പ്രസിഡന്റ് വി. ദേവിദാസ് അധ്യക്ഷത വഹിച്ചു. ഹനീഷിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വരും വര്‍ഷങ്ങളിലും കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് രക്ഷാധികാരി ഷൈജു പറഞ്ഞു.
സാമൂഹ്യപ്രവര്‍ത്തകരായ പി.കെ. പ്രകാശന്, എന്‍. ഗീത, സി.വി. ബിന്ദു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. സിബിന്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഹൊറര്‍ ഗയ്സ് പ്രവര്‍ത്തകരായ സി.എച്ച്. സുജിത്ത്, വി. മനോജ്, കെ. ശിവകുമാര്‍, എന്‍. അനീഷ്, പി. പ്രവീണ്‍കുമാര്‍, പി. പ്രദീഷ്, സംഗീത്, ശരത് ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
