കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചയാള്‍ക്ക് പകരം മറ്റൊരാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ സംഭവത്തില്‍ ആള്‍മാറാട്ടത്തിന് കേസെടുത്തു.
ബേക്കല്‍ കുന്നിലെ കെ.എം.ഹൗസില്‍ മുഹമ്മദ് റാസിഫിനെതിരെ (27) ആണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
സെപ്റ്റംബര്‍ 22ന് കൊളവയല്‍ ഇട്ടമ്മലില്‍ വെച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ ഇടിച്ച് കൊളവയലില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി കൊളഞ്ചി മരിച്ചിരുന്നു. ഈ കേസില്‍ സ്‌കൂട്ടര്‍ ഓടിച്ചത് താനാണെന്ന് പറഞ്ഞാണ് മുഹമ്മദ് റാസിഫ് പോലീസിന് മുന്നില്‍ ഹാജരായത്. താന്‍ സ്‌കൂട്ടറിന് പിന്നില്‍ ഇരിക്കുകയായിരുന്ന കല്ലംചിറ സ്വദേശി മുഹമ്മദ് ദാസ്‌തെറിന് പരിക്ക് പറ്റിയെന്നും ഇയാള്‍ മൊഴി നല്‍കി.എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ പോലീസ് പ്രദേശത്തെ പത്തോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് മുഹമ്മദ് ദാസ്‌തെര്‍ ആണെന്ന് വ്യക്തമായി. ലൈസന്‍സ് ഇല്ലാത്തതിനാലാണ് ദാസ്‌തെറിന് പകരം റാസിഫിനെ ഹാജരാക്കിയതെന്നാണ് പോലീസ് പറയുന്നത്. എസ്.ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ എം.പി. സുമേഷ് മാണിയാട്ട്, കെ. രഞ്ജിത്ത് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം പുറത്തായത്.
