കാഞ്ഞങ്ങാട്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അജാനൂര്‍ തെക്കുപുറം സ്വദേശി ലാവാ സമീര്‍ എന്ന ടി എം സമീര്‍ (39) നെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി.
2021 മുതല്‍ ഹോസ്ദുര്‍ഗ്, കുമ്പള, രാജപുരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ഗൌരവ സ്വഭാവമുള്ള മയക്കുമരുന്ന് കേസ്സ്, കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, എംഡിഎംഎ പോലുള്ള മയക്കുമരുന്നു വില്‍പ്പനക്കായി കൈവശം വെക്കല്‍ തുടങ്ങി 5 ക്രിമിനല്‍ കേസ്സുകളില്‍ ഇയാള്‍ പ്രതിയാണ്. 31.2 കിലോ ഗ്രാം തൂക്കം വരുന്ന കഞ്ചാവ് വില്പനക്കായി കടത്തി കൊണ്ടുവന്നതിന് ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ കുമ്പള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇയാള്‍ പ്രതിയാണ് . തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സമീറിനെ ഇതിനുമുന്‍പ് 2015, 2025 വര്‍ഷങ്ങളിലായി രണ്ട് തവണ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. നിധിന്‍രാജ് പി ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനില്‍ കുമാര്‍ ന്റെ മേല്‍നോട്ടത്തില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഷൈന്‍ കെ പി, സബ് ഇന്‍സ്പെക്ടര്‍ രമേശന് കെ പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനീഷ് എന്‍, ജയരാജ് കെ എസ്, സിവില്‍ പോലീസ് ഓഫീസര്‍ പി രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
