കാസര്‍കോട് : ആദരണീയ ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പോലും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത ആഭ്യന്തരവകുപ്പാണ് കേരളത്തിലേതെന്നും ബിജെപി നേതാക്കള്‍ക്കും സംസ്ഥാന ആസ്ഥാനത്തിനും നേരെ നടന്നുവരുന്ന അക്രമം ഭരണപരാജയം മറയ്ക്കാനാണെന്നും എംഎല്‍ അശ്വിനി പറഞ്ഞു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിനും ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനും നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ വിഡി സതീശന്‍ പരാജയമാണെന്ന് കേരള ജനത വിലയിരുത്തി കഴിഞ്ഞു. ഭരണപരാജയം മറയ്ക്കാനും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മുന്നണി നേരിടുന്ന തിരിച്ചടിയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നത്. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത പക്ഷം ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അശ്വിനി മുന്നറിയിപ്പ് നല്‍കി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലന്‍, പ്രമീള മജല്‍, സഞ്ജീവ പുളിക്കൂര്‍, ജില്ലാ ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, എസ്.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കയ്യാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
