ഹൃദയാഘാത അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സി.പി.ആര്‍ പരിശീലനം നല്‍കി

കാഞ്ഞങ്ങാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ് ബേക്കല്‍ ഫോര്‍ട്ടും ആസ്റ്റര്‍ മിംസ് കാസര്‍ഗോഡും ആസ്റ്റര്‍ വൊളണ്ടിയേഴ്‌സും സംയുക്തമായി സി.പി.ആര്‍ (കാര്‍ഡിയോപള്‍മണറി റീസസിറ്റേഷന്‍) പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഹൃദയാഘാതമോ ഹൃദയസ്തംഭനമോ സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമികമായി ചെയ്യേണ്ട ജീവന്‍രക്ഷാ നടപടികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ലയണ്‍സ് ക്ലബ് ബേക്കല്‍ ഫോര്‍ട്ട് പ്രസിഡന്റ് എ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ സിച്ച് സ്വാഗതം പറഞ്ഞു. ലയണ്‍സ് ക്ലബ് ബേക്കല്‍ ഫോര്‍ട്ട് സെക്രട്ടറി ശ്രീകുമാര്‍ പള്ളഞ്ചി നന്ദി പറഞ്ഞു.
ആസ്റ്റര്‍ മിംസ് വൊളണ്ടിയര്‍മാരായ ഹരി മുരളി, ഹരിത എന്നിവര്‍ സി.പി.ആര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് അടിയന്തരമായി നല്‍കേണ്ട നെഞ്ചമര്‍ദ്ദനം ഉള്‍പ്പെടെയുള്ള പ്രാഥമിക ജീവന്‍രക്ഷാ നടപടികള്‍ പ്രായോഗികമായി പരിചയപ്പെടുത്തി. ബഷീര്‍ കുശാല്‍, ഗോവിന്ദന്‍ നമ്പൂതിരി, ഹംസ അസീസ്, അബ്ദുള്‍ സലാം കെ.വി. എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങളില്‍ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി ഇടപെടാനുള്ള പ്രായോഗിക അറിവ് നല്‍കുന്നതിനും പരിപാടി സഹായകമായി.

 

error: Content is protected !!