ചെര്‍ക്കള മാര്‍ത്തോമാ ബധിര സ്ഥാപനത്തില്‍ ജില്ലാതല ബധിര ദിനാചരണം സംഘടിപ്പിച്ചു

കാസര്‍കോട്: അന്താരാഷ്ട്ര ബധിര ദിനാചരണത്തിന്റെ ഭാഗമായി ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ബധിര ദിനാചരണം സംഘടിപ്പിച്ചു. കേള്‍വി -സംസാര പരിമിതരായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബധിര ദിനം ആചരിക്കുന്നത്. കാസര്‍കോട് ജില്ലതല ബാധിരദിനാചരണം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി കെ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തുവാന്‍ ഇപ്പോള്‍ സമൂഹം കൂടുതല്‍ താല്പര്യം കാണിക്കുന്നു, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. മാര്‍ത്തോമാ പോലുള്ള മഹത്തായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവരെ മികവുറ്റ വ്യക്തിത്വങ്ങളാക്കി വളര്‍ത്തുവാന്‍ സഹായിച്ചു എന്ന് തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മാര്‍ത്തോമാ ബധിരസ്ഥാപനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ മാത്യു ബേബി അധ്യക്ഷനായി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് മുഖ്യ പ്രഭാഷണം നടത്തി.
ബദിയടുക്ക മാര്‍ത്തോമാ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫാ ബെന്നി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് സി വി, ചെങ്കള പഞ്ചായത്ത് വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ ശാന്തകുമാരി ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍ റംസീന സി, സ്‌കൂള്‍ പ്രധാനാധ്യാപിക ഷീല എസ്, പി ടി എ പ്രസിഡന്റ് ഫാത്തിമത്ത് സാജിത എന്നിവര്‍ സംസാരിച്ചു.
മാര്‍ത്തോമാ കോളേജ് ഫോര്‍ ദി ഹിയറിങ്ങ് ഇമ്പയര്‍മെന്റ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ ജോര്‍ജ് വര്‍ഗീസ് സ്വാഗതവും ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജോഷിമോന്‍ കെ ടി നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.
നെല്ലിക്കട്ട ടൗണിലൂടെ നടത്തിയ വര്‍ണാഭമായ ഘോഷയാത്രയോടെ ആണ് ബധിര ദിനാചരണം ആരംഭിച്ചത്. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ബധിര ദിനാചരണം വര്‍ണാഭമാക്കി.

 

error: Content is protected !!