ഷാര്‍ജ:മരുഭൂമിയുടെ ചൂടില്‍ മലയാളിയുടെ മനസില്‍ എന്നും തണുപ്പായി പെയ്യുന്ന ഓര്‍മ്മയാണ് ഓണം. നാടിന്റെ ഗൃഹാതുരത്വം നെഞ്ചിലേറ്റി പ്രവാസികള്‍ ഒന്നുചേര്‍ന്നപ്പോള്‍ ഷാര്‍ജയിലെ അല്‍ നഹ്ദയിലും പൂക്കളമിട്ട് പൊന്നോണമെത്തി. കലാകേന്ദ്രം യുഎഇയുടെ ഓണാഘോഷം നിള റെസ്റ്റോറന്റില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങ് കലാകേന്ദ്രം രക്ഷാധികാരി രാജേഷ് രാമഗിരി ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം യുഎഇ പ്രസിഡന്റ് സുനില്‍ വെങ്ങച്ചേരി അധ്യക്ഷനായി. ചടങ്ങില്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റും കെസെഫ് സെക്രട്ടറി ജനറലുമായ മുരളി നമ്പ്യാര്‍, രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍ ഡബ്ലിയു എ) പ്രസിഡന്റ് ബാലകൃഷ്ണന്‍ കൂട്ടക്കനി, സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട്, അജിത്, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി സന്തോഷ് രാമഗിരി സ്വാഗതവും ട്രഷറര്‍ മഹേഷ് കുണ്ഡത്തില്‍ നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യങ്ങളായ മുരളി നമ്പ്യാര്‍, ബാലകൃഷ്ണന്‍ കൂട്ടക്കനി എന്നിവരെ കലാകേന്ദ്രം മുന്‍ ഭാരവാഹികളായ കൃഷ്ണന്‍ മീത്തല്‍, കണ്ണന്‍ രാമഗിരി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. മലയാളികളുടെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന ഓണാഘോഷം പ്രവാസി മലയാളികളുടെ ഹൃദയം നിറഞ്ഞ ഒത്തുചേരലിന് വേദിയായി.
