കാഞ്ഞങ്ങാട്-കാണിയൂര്‍ പാത: ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പാലക്കാട് ഡിവിഷണല്‍ മാനേജര്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പാലക്കാട് ഡിവിഷണല്‍ മാനേജര്‍ മധുക്കര്‍ റൗട്ട്.കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാനെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പാതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പാലക്കാട് എത്താന്‍ അവസരമൊരുക്കാമെന്ന് അറിയിച്ചത്.
പാലക്കാട് ഡിവിഷന്‍ വിഭജിച്ച് മംഗളൂരു ഡിവിഷനായതോടെ പാലക്കാടിന് വരുമാനം കുറയുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട്-കാണിയൂര്‍ പാത വന്നാല്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, കാഞ്ഞങ്ങാട് ഡവലപ്‌മെന്റ് ഫോറം ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, കെ.പി മോഹനന്‍, കൗണ്‍സിലര്‍മാരായ സെവന്‍സ്റ്റാര്‍ അബ്ദുറഹ്‌മാന്‍, മൊയ്തു പുഞ്ചാവി എന്നിവര്‍ ഡിവിഷണല്‍ മാനേജരെ ബോധ്യപ്പെടുത്തി.
പാത യാഥാര്‍ത്ഥ്യമായാല്‍ ചരക്ക് നീക്കത്തിലൂടെ കൂടുതല്‍ വരുമാനം നേടാനാകുമെന്ന് സംഘം അറിയിച്ചു. ഇത് സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ചയ്ക്ക് സമയം അനുവദിക്കാമെന്ന് മാനേജര്‍ ഉറപ്പ് നല്‍കി.കാഞ്ഞങ്ങാട് നാലാം പ്ലാറ്റ്‌ഫോം പണിയുമെന്നും വി.ഐ.പി ലോഞ്ച് നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്റ്റേഷനില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിവിഷണല്‍ മാനേജറും സംഘവും നടന്നു കണ്ട് വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.

 

error: Content is protected !!