കാഞ്ഞങ്ങാട് : കൗമാര കലയുടെ വിസ്മയ പ്രകടനങ്ങളുമായി കലയുടെ നെറുകയില്‍ പുതിയ പ്രതിഭകളെ എത്തിക്കുന്നതിന് തുടക്കം കുറിക്കുന്ന ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2026- 2027 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി സ്‌കൂളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പങ്കെടുത്തു. 78 ഇനങ്ങളില്‍ നാല് വേദികളിലായി രണ്ടുദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളില്‍ 325യുവപ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. കലയുടെ കാസര്‍ഗോഡന്‍ ശൈലി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ജയങ്ങളും തോല്‍വികള്‍ക്കും ഉപരിയായി കല ആയാലും കായികമായാലും തുടക്കം കുറിക്കുന്നത് സ്‌കൂള്‍ മേളകളില്‍ നിന്നാണ് അത് പരമാവധി ഉള്‍ക്കൊണ്ടുകൊണ്ട് ആരോഗ്യപരമായ മത്സരം നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും, അറിവും കലയുമാണ് ലഹരി എന്ന് മനസ്സിലാക്കാന്‍ മുഴുവന്‍ കുട്ടികള്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവ നാടക സിനിമ സംവിധായകനു കലാമേഖലയില്‍ തിളങ്ങിനില്‍ക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍ വി ജയശങ്കര്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് പ്രഭാകരന്‍ അവതാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എന്‍ വേണുനാഥന്‍, സ്‌കൂള്‍ എച്ച് എം പി സുമ, ഡെപ്യൂട്ടി എച്ച് എം. കെ. വി. സുജാത, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. ശശീന്ദ്രന്‍ പി. ടി. എ. അംഗങ്ങളായ കെ. വി. രാജേഷ്, കെ. എം. പ്രമോദ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. വി. രാജേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. ശ്രീജ നന്ദിയും പറഞ്ഞു.
