ദേശീയ പാത 66 ല്‍ തോയമ്മല്‍ ജംഗ്ഷനില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള വഴി പ്രശ്‌നപരിഹാരത്തിന് വിപുലമായ യോഗം 22 ന് ; സ്ഥലം സന്ദര്‍ശിച്ച് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എയും നഗരസഭ വി.വി. ചെയര്‍മാനും. ദേശീയപാത അധികൃതരും നിര്‍മ്മാണ കമ്പനി പ്രതിനിധികളും പങ്കെടുത്തു

കാഞ്ഞങ്ങാട്: ദേശീയ പാത 66 ല്‍ നിന്നും ജില്ലാ ആശുപത്രിയിലെ ക്കുള്ള പ്രധാന പ്രവേശനവഴിയില്‍ നിലനില്‍ക്കുന്ന ഗതാഗതപ്രശ്‌നങ്ങള്‍ക്കും അനുബന്ധ ബുദ്ധിമുട്ടുകള്‍ക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ , ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ രമേശന്‍ പൊയിനാച്ചി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.ഹോസ്ദുര്‍ഗ് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി.തുളസി രാജ്, ദേശീയപാത അതോറിറ്റി പ്രതിനിധി വേണുഗോപാല്‍, മേഘ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികളായ ടി. മാധവന്‍, നാഗസുബ്രഹ്‌മണ്യം എന്നിവരും എം.എല്‍.എയ്‌ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാരും രോഗികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമുള്ള വിവിധ സാധ്യതകള്‍ സംഘം പരിശോധിക്കുകയും ചെയ്തു. പ്രശ്‌നത്തിന് കൂടുതല്‍ കൃത്യവും പ്രായോഗികവുമായ പരിഹാരം കണ്ടെത്തുന്നതിനായി ജില്ലാ പഞ്ചായത്ത് , നഗരസഭ ജന പ്രതിനിധികള്‍, റവന്യു വകുപ്പ് , ദേശീയപാത അതോറിറ്റി ,മേഘ കണ്‍സ്ട്രക്ഷന്റെ പ്രധാന ചുമതലക്കാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം സെപ്റ്റംബര്‍ 22ന് വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ജനങ്ങള്‍ക്കും , രോഗികള്‍ക്കും , വാഹനയാത്രക്കാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുന്നതിനും പ്രദേശത്തെ ഗതാഗതസംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കുമെന്ന് അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അറിയിച്ചു.

 

error: Content is protected !!