മടിക്കൈ: ഓണത്തിന് ശേഷം തുടങ്ങേണ്ട വിളവെടുപ്പ് ഇത്തവണ നേരത്തെ തുടങ്ങി – കാലാവസ്ഥ വില്ലനായതോടെ.
ഏപ്രില്‍-മെയ് മാസത്തെ പോലെ കത്തുന്ന ചൂടാണ് ഇപ്പോള്‍. ചൂട് തുടര്‍ന്നാല്‍ മത്തനും കുമ്പളവും വെള്ളരിയും വെള്ളം വറ്റി വിളവ് തന്നെ നശിക്കും. അതുകൊണ്ട് നവരാത്രിക്ക് രണ്ട് ദിവസം മുന്‍പ് വരെ കാത്തിരിക്കേണ്ട വിളവെടുപ്പ് ഇപ്പോഴേ നടത്തുകയാണ് കര്‍ഷകര്‍. മടിക്കൈയിലെ കര്‍ഷകന്‍ സാബു കാരാക്കോട് 30 ക്വിന്റലോളം വിളവ് പറിച്ചെടുത്ത് സ്റ്റോക്കാക്കി വെച്ചിരിക്കുകയാണ്. പക്ഷേ വിപണി മെല്ലെയാണ്. കല്യാണവും ഉത്സവവും കുറവായതിനാല്‍ ആവശ്യക്കാരില്ല. ഇനി നവരാത്രി വിപണി വരുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹത്തെ പോലുള്ളവര്‍. പ്രശ്‌നം വിളവെടുപ്പ് മാത്രമല്ല. വിളകള്‍ ഉണങ്ങുമ്പോഴും കൃഷിയിടത്തില്‍ കാടും പുല്ലും പടര്‍ന്നു കയറുകയാണ്. പുഴുക്കുത്തും കൂടി. പുറമെ പച്ചപ്പ് തോന്നുമെങ്കിലും അകത്ത് പല ചെടികളും കരിഞ്ഞ നിലയിലാണ്. കുറച്ച് മാത്രം വിളവെടുക്കുന്നതിനാല്‍ തൊഴിലാളികളെ വെച്ച് ഒരുമിച്ച് പണി എടുപ്പിക്കാനും പറ്റുന്നില്ല.
‘മഴക്കാലത്ത് ഇടവിട്ട് മഴ കിട്ടിയപ്പോള്‍ നെല്ലിനും പച്ചക്കറിക്കും നല്ല കാലാവസ്ഥയായിരുന്നു. ഇപ്പോള്‍ അമിത ചൂട് എല്ലാം തകിടം മറിച്ചു,’ സംസ്ഥാന കൃഷി അവാര്‍ഡ് ജേതാവ് കൂടിയായ സാബു പറയുന്നു.
മറ്റൊരു തിരിച്ചടി അന്യസംസ്ഥാന പച്ചക്കറിയുടെ വരവാണ്. കര്‍ണാടകയില്‍ നിന്നടക്കം മത്തനും കുമ്പളവും ലോഡ് കണക്കിന് കുറഞ്ഞ വിലയ്ക്ക് എത്തുമ്പോള്‍ നാടന്‍ ഉല്‍പ്പന്നത്തിന് വില കിട്ടുന്നില്ല. ചില്ലറ വില്‍പ്പനയില്‍ പിടിച്ചു നില്‍ക്കാമെങ്കിലും വലിയ വിളവ് തള്ളാന്‍ കഴിയുന്നില്ല.
നവരാത്രിയോടെ ക്ഷേത്രങ്ങളില്‍ ആവശ്യം ഉയരുമെന്നും പിന്നാലെ വരുന്ന വിവാഹ സീസണില്‍ വിപണി ഉണരുമെന്നുമാണ് കര്‍ഷകരുടെ ഏക പ്രതീക്ഷ.
