ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് നേരെ വധശ്രമവും ലൈംഗികാതിക്രമവും; പ്രതികള്‍ക്ക് ജാമ്യം, വീണ്ടും അറസ്റ്റ് ചെയ്യാന്‍ എസ്.പി. നിര്‍ദേശം

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് നേരെ വധശ്രമവും ലൈംഗികാതിക്രമവും നടന്നതായി പരാതി. സഹോദരനും സുഹൃത്തും ചേര്‍ന്നാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹോസ്ദുര്‍ഗിലെ വാടക വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയതെന്ന് യുവതി പറയുന്നു. തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമാണ് പരാതി. വസ്ത്രങ്ങള്‍ വലിച്ചുകീറി, സ്വകാര്യഭാഗത്ത് കമ്പിവടി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, വീട്ടിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വധശ്രമവും ലൈംഗികാതിക്രമവും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും അതിനനുസരിച്ചുള്ള ശക്തമായ വകുപ്പുകള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് യുവതിയുടെ ആരോപണം. ഇതുമൂലം പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചു. പോലീസ് നടപടിയിലെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതി ജില്ലാ പോലീസ് മേധാവി നിതിന്‍ രാജിന് പരാതി നല്‍കി. വിഷയത്തില്‍ അടിയന്തര നടപടി എടുക്കാന്‍ നിര്‍ദേശിച്ച എസ്.പി, പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അതിക്രമത്തിന് ഇരയായ യുവതിയെ പോലീസ് സംരക്ഷണത്തില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

 

error: Content is protected !!