കാഞ്ഞങ്ങാട്: സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് സെപ്തംബര്‍ 14,15 ദിവസങ്ങളില്‍ കാഞ്ഞങ്ങാട്ടും ബേക്കല്‍ ബീച്ചിലുമായി നടക്കും. 14ന് രണ്ടര മണിക്ക് സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ രണ്ട് ദിവസത്തെ ക്യാമ്പിന് തുടക്കമാവും. ഉച്ചതിരിഞ്ഞ് മൂന്നര മണിക്ക് കാഞ്ഞങ്ങാട് ഹോട്ടല്‍ ക്ലാസിക്കോ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ മുഖ്യാതിഥിയാകും. ജില്ലാ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുറഹിമാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി തുടങ്ങി ജില്ലയിലെ മുസ്ലിം ലീഗിലെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന കാര്‍ഷിക സെമിനാര്‍ സ്വതന്ത്ര കിസാന്‍ സംഘം ദേശീയ ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.
സി.പി.സി.ആര്‍.ഐ റിട്ട. പ്രിന്‍സിപ്പള്‍ ഡോ. ഷംസുദ്ദീന്‍ വിഷയം അവതരിപ്പിക്കും. കാഞ്ഞങ്ങാട് നഗരസഭ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ എസ്. രമേശ് ക്ലാസ്സെടുക്കും. കാര്‍ഷിക തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തം, സംരംഭകത്വം, സൊസൈറ്റി രൂപീകരണം മുതലായവ സംബന്ധിച്ച് ക്യാമ്പ് അംഗങ്ങള്‍ പ്രോജക്ട് അവതരിപ്പിക്കും. തുടര്‍ന്നുള്ള ഇശല്‍ രാവോടെ ആദ്യദിന പരിപാടി സമാപിക്കും.
15ന് രാവിലെ ആറു മണിക്ക് വ്യക്തിജീവിതത്തില്‍ വിശുദ്ധി ‘എന്ന വിഷയത്തെ പുരസ്‌ക്കരിച്ച് ജംഇയ്യത്തുല്‍ ഖുതുബ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ചുഴലി മുഹിയുദ്ദീന്‍ മൗലവി പ്രഭാഷണം നടത്തും. കാലത്ത് 9.30 ന് ബേക്കല്‍ ബീച്ച് ഓഡിറ്റോറിയത്തില്‍ സംഘടനാ സമീക്ഷ ആരംഭിക്കും.അടുത്ത ഒരു വര്‍ഷത്തേക്കുള്ള സംഘടന പ്രവര്‍ത്തന രൂപരേഖ, പ്രമേയങ്ങള്‍ എന്നിവ അവതരിപ്പിക്കും. വനിതാ കര്‍ഷക സംഘടനയുടെയും ഫെഡറേഷനുകളുടെയും സംസ്ഥാന സമ്മേളന തിയതി ക്യാമ്പില്‍ വച്ച് പ്രഖ്യാപിക്കുന്നതാണ്. കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ക്യാമ്പില്‍ ചര്‍ച്ചയാകും. അതോടൊപ്പം പരിഹാര നിര്‍ദ്ദേശങ്ങളും കൈക്കൊള്ളും. കേന്ദ്ര – കേരള സര്‍ക്കാരുകളുടെ മുമ്പാകെ സ്വതന്ത്ര കര്‍ഷകസംഘം മുന്നോട്ട് വെയ്ക്കുന്ന കര്‍ഷകപ്രധാനമായ അവകാശ പത്രികക്ക് ക്യാമ്പ് രൂപം നല്‍കും. വൈകീട്ട് മൂന്നു മണിക്കുള്ള സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് സാഹിബ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാകും. മുന്‍മന്ത്രിയും സംസ്ഥാന മുസ്ലിം ലീഗ് ട്രഷററുമായ സി. ടി. അഹമ്മദലി, എ.കെ.എം അഷറഫ് എം.എല്‍.എ, മുന്‍ എം.എല്‍.എ നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികള്‍ ആകും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വനിതാ കര്‍ഷകസംഘം സംസ്ഥാന ഭാരവാഹികള്‍, നെല്ല്,നാളികേരം, റബ്ബര്‍, അടക്ക, ക്ഷീരവികസനം എന്നീ ഫെഡറേഷനുകളുടെ സംസ്ഥാന ചെയര്‍മാന്‍ കണ്‍വീനര്‍ മുതലായവരടങ്ങുന്നതാണ് ക്യാമ്പ് അംഗങ്ങള്‍. വൈകിട്ട് ബേക്കല്‍ കോട്ട സന്ദര്‍ശനത്തോടെ ക്യാമ്പിന് സമാപനമാകും.
വാര്‍ത്ത സമ്മേളനത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി, സെക്രട്ടേറിയറ്റ് മെമ്പര്‍ ഇ.അബൂബക്കര്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട്, എന്നിവര്‍ പങ്കെടുത്തു.
