നീലേശ്വരം നഗരവികസനം കൊണ്ടും കൊടുത്തും എംഎല്‍എയും മുന്‍സിപ്പല്‍ ചെയര്‍മാനും

നീലേശ്വരം: നീലേശ്വരത്തെ വികസന മുരടിപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ എം.എല്‍.എ എം. സന്ദീപ് വാര്യരും നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫിയും തമ്മിലുള്ള വാഗ്വാദങ്ങള്‍ രാഷ്ട്രീയ രംഗത്ത് ശക്തമാകുന്നു. നഗരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും നഗരം മുരടിപ്പിലാണെന്നും ആരോപിച്ച് എം.എല്‍.എ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നതെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത വികസനം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.
എന്നാല്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ശക്തമായ മറുപടിയുമായി രംഗത്തുവന്നു. കഴിഞ്ഞ കാലയളവില്‍ നീലേശ്വരം നഗരസഭയില്‍ 700 കോടി രൂപയിലധികം വരുന്ന വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇ.എം.എസ്. സ്റ്റേഡിയം, കോട്ടപ്പുറം പാലം, കുടിവെള്ള പദ്ധതികള്‍, ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയ നിരവധി പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ചെയര്‍മാന്‍ എണ്ണിയെണ്ണിപ്പറഞ്ഞു.
യു.ഡി.എഫ്. സര്‍ക്കാരിനെതിരെ സി.പി.എം. സംഘടിപ്പിച്ച പ്രതിഷേധ സമരം സ്വന്തം ഭരണസമിതിക്കെതിരെയുള്ള കുറ്റവിചാരണയായി മാറിയെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. അതേസമയം, രാജാ റോഡ്, ഇടത്തോട്ട് റോഡ് നവീകരണം വൈകുന്നത് സി.പി.എമ്മിന്റെ കഴിവുകേടും ആസൂത്രണ പാടില്ലായ്മയും കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. നസീറും രംഗത്തെത്തി. വികസന നേട്ടങ്ങളും വീഴ്ചകളും നിരത്തി ഇരുവിഭാഗവും ശക്തമായ വാദപ്രതിവാദങ്ങള്‍ തുടരുന്നതോടെ നീലേശ്വരത്തെ രാഷ്ട്രീയ ചൂട് ഉയരുകയാണ്.

 

error: Content is protected !!