കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍, പൊയ്യ മേഖലകളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ജനങ്ങളെ ആശങ്കയ്ക്കിടയാക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ഈ പ്രദേശങ്ങളിലുമായി ഒരു ഡസനോളം കാട്ടുപന്നികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇതിനിടെ പ്രദേശത്തെ ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിക്കുകയും മറ്റൊരാള്‍ക്ക് രോഗബാധ സംശയിക്കുകയും ചെയ്തതോടെ സംഭവത്തില്‍ ആരോഗ്യവകുപ്പും ജാഗ്രത പുലര്‍ത്തുകയാണ്. വ്യാഴാഴ്ച രണ്ട് കാട്ടുപന്നികളെ കൂടി ചത്തനിലയില്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചത്.
വിവരമറിഞ്ഞ് വനംവകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത പന്നികളുടെ ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയശേഷം സംസ്‌കരിച്ചു.
ജഡങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനുള്ള കാരണം എന്താണെന്ന് പരിശോധനാഫലം ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധയാണോ മറ്റേതെങ്കിലും കാരണമാണോ മരണത്തിന് പിന്നിലെന്നതും പരിശോധനയില്‍ വ്യക്തമാകും.
തുടര്‍ച്ചയായി കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്നതും പ്രദേശത്ത് പന്നിപ്പനി സ്ഥിരീകരിച്ചതും നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവരുന്നതുവരെ അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
