വനംവകുപ്പിന്റെ കാസര്‍കോട് ഗോഡൗണില്‍ നിന്ന് ആനക്കൊമ്പുകളും 100 കിലോ ചന്ദനമുട്ടികളും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

കാസര്‍കോട്: വനംവകുപ്പിന്റെ കാസര്‍കോട് ഗോഡൗണില്‍ നിന്ന് ആനക്കൊമ്പുകളും 100 കിലോ ചന്ദനമുട്ടികളും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കര്‍ണാടകയിലെ ചിക്മംഗ്ലൂളൂരു സ്വദേശിയായ മുഹമ്മദ് ഫതീദ് എന്ന ഡോ. മുഹമ്മദ് ഫരീദിനെ (60)യാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

2025 ജൂണ്‍ 22ന് രാത്രിയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ വനംവകുപ്പിന്റെ ഗോഡൗണില്‍ കവര്‍ച്ച നടന്നത്. വാഹനത്തിലെത്തിയ സംഘം ഗോഡൗണിലെ കാവല്‍ക്കാരനെ കെട്ടിയിട്ടശേഷം രണ്ട് ആനക്കൊമ്പുകളും 100 കിലോ ചന്ദനമുട്ടികളും കവര്‍ന്ന് കടന്നുകളയുകയായിരുന്നുവെന്നാണ് കേസ്.സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ശാസ്ത്രീയ തെളിവുകളും രഹസ്യാന്വേഷണ വിവരങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് ഫരീദ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി സമാന കവര്‍ച്ചക്കേസുകളില്‍ ഉള്‍പ്പെട്ട സംഘത്തിലെ പ്രധാന അംഗമാണ് മുഹമ്മദ് ഫരീദെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

error: Content is protected !!