നീലേശ്വരം: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജനകീയ ആവശ്യങ്ങളോടുള്ള അവഗണനയും നഗരവികസനത്തിലെ മെല്ലെപ്പോക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ നീലേശ്വരത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പുലര്‍ത്തിയിരുന്ന വ്യക്തമായ ആധിപത്യം ഇത്തവണത്തെ നിയമസഭാ പോരാട്ടത്തില്‍ നിലനിര്‍ത്താന്‍ കഴിയാത്തത് നിര്‍ണായക മേഖലകളിലെ ഭരണപരമായ വീഴ്ചകളുടെ പ്രതിഫലനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജനകീയ ആവശ്യങ്ങളിലൊന്നായ നീലേശ്വരം താലൂക്ക് പ്രഖ്യാപനം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും ഇടം പിടിക്കാതെ പോയത് ജനങ്ങള്‍ക്കിടയില്‍ വലിയ നിരാശ പടര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ആവശ്യങ്ങള്‍ ജില്ലാ കളക്ടര്‍ മുഖാന്തിരം സമര്‍പ്പിച്ചിട്ടും, അവസാന നിമിഷം നീലേശ്വരത്തെ തഴഞ്ഞത് വോട്ടര്‍മാരെ സ്വാഭാവികമായും പ്രകോപിപ്പിച്ചു. സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ ആവേശത്തോടെ ഉന്നയിച്ച ഈ ആവശ്യത്തിന് ഭരണതലത്തില്‍ അനക്കം തട്ടാഞ്ഞത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭരണമുന്നണിയെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.
നഗരത്തിലെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകേണ്ട രാജാ റോഡ് വികസനം വെറും അളവെടുപ്പുകളില് ഒതുങ്ങിയതും ജനവികാരം അനുകൂലമല്ലാതാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥലമേറ്റെടുപ്പിന് ഫണ്ട് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും, വര്‍ഷങ്ങളായി നീണ്ടുപോകുന്ന പദ്ധതിയുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ അത് മതിയാകാതെ വന്നു. അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റിംഗ് റോഡ് ഗതാഗതക്കുരുക്കിന് ആശ്വാസമാകാത്തതും, ഇടത്തോട് റോഡ് നവീകരണം പാതിവഴിയില്‍ നിലച്ചതും ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ കാരണമായിട്ടുണ്ട്.
പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം യാഥാര്‍ത്ഥ്യമായെങ്കിലും ബസുകള്‍ക്ക് സുഗമമായി നഗരത്തിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കാത്തതും യാത്രാ ദുരിതം വര്‍ദ്ധിപ്പിച്ചു. വികസനത്തിനായി കോടികള്‍ ചെലവഴിച്ചെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും നഗരത്തിലെ യാത്രാ സമയം ഗതാഗതക്കുരുക്കില്‍ ഹോമിക്കപ്പെടുന്നതിനോടുള്ള സമ്മതിദായകന്റെ രൂക്ഷമായ പ്രതികരണം ബാലറ്റ് ബോക്സുകളില്‍ പ്രതിഫലിച്ചതായാണ് കരുതുന്നത്. താലൂക്ക് പ്രഖ്യാപനവും ഗതാഗത പ്രശ്നങ്ങളും പ്രധാന ചര്‍ച്ചാവിഷയമായി മാറിയ ഈ തിരഞ്ഞെടുപ്പ് നീലേശ്വരത്തെ ഭാവി രാഷ്ട്രീയ കണക്കൂട്ടലുകളില്‍ നിര്‍ണായകമായേക്കാം.
