ലക്ഷ്യം വരുമാന വര്‍ദ്ധനവ്: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വിവിധ പദ്ധതികള്‍

നീലേശ്വരം: റെയില്‍വേ സ്റ്റേഷന്റെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ടിക്കറ്റ് ഇതര വരുമാനം (എന്‍ എഫ് ആര്‍ ) ഈ സാമ്പത്തിക വര്‍ഷം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി നീലേശ്വരമടക്കമുള്ള പ്രധാന സ്റ്റേഷനുകളില്‍ വൈവിധ്യമാര്‍ന്ന 60ഓളം പദ്ധതികള്‍ നടപ്പിലാക്കാന്‍ പാലക്കാട് ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ നിര്‍ദ്ദേശം നല്‍കി. സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് റെയില്‍വേയുടെ ഈ പുതിയ നീക്കം. സ്റ്റേഷന്‍ പരിസരത്തെ ആസ്തികളും ഒഴിഞ്ഞ സ്ഥലങ്ങളും പ്രയോജനപ്പെടുത്തി യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം നീലേശ്വരത്ത് ആധുനിക രീതിയിലുള്ള റെയില്‍ കോച്ച് റെസ്റ്റോറന്റുകള്‍, പ്രീമിയം കഫേകള്‍, ആര്‍ട്ട് ആന്‍ഡ് ഫുഡ് സ്ട്രീറ്റുകള്‍ എന്നിവ ആരംഭിക്കും. കൂടാതെ വിനോദത്തിനായി കിഡ്‌സ് പ്ലേ സോണുകള്‍, ഗെയിമിംഗ് സോണുകള്‍, വിര്‍ച്വല്‍ റിയാലിറ്റി അനുഭവ കേന്ദ്രങ്ങള്‍ എന്നിവയും വരും. സ്റ്റേഷന്‍ പരിസരത്തെ റെയില്‍വേ ഭൂമിയില്‍ സ്‌പോര്‍ട്‌സ് ടര്‍ഫുകള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശമുണ്ട്.

യാത്രക്കാര്‍ക്കായി സ്ലീപ്പിംഗ് പോഡുകള്‍, ഡിജിറ്റല്‍ ലോക്കറുകള്‍, മസാജ് ചെയറുകള്‍ അടങ്ങിയ റിലാക്‌സ് ലോഞ്ചുകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയും സജ്ജമാക്കും. ആരോഗ്യ സേവനങ്ങളുടെ ഭാഗമായി എമര്‍ജന്‍സി മെഡിക്കല്‍ റൂമും ഫാര്‍മസിയും സ്റ്റേഷന്റെ ഭാഗമാകും. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി പ്ലാസ്റ്റിക് രഹിത ബോട്ടിംഗിനായി ക്ലേവെയര്‍ ഷോപ്പുകള്‍ക്കും പ്രത്യേക സ്റ്റാളുകള്‍ അനുവദിക്കും.

നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഇത്തരം വാണിജ്യ പദ്ധതികള്‍ ആരംഭിക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റേഷന്‍ അധികൃതരുമായോ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ വിഭാഗവുമായോ ബന്ധപ്പെടാവുന്നതാണ്. പ്രാദേശിക വ്യാപാര സംഘടനകളുമായി സഹകരിച്ച് വിപണന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് റെയില്‍വേ തീരുമാനം. ഇതുസംബന്ധിച്ച പഠനം നടത്തി ഏപ്രില്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. താല്പര്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും ഏപ്രില്‍ 30 നകം നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ ചീഫ് കോമേഴ്‌സല്‍ സൂപ്പര്‍വൈസറെ ബന്ധപ്പെടേണ്ടതാണ്. ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്താതെ തന്നെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കുന്നതാണ് റെയില്‍വേയുടെ ഈ പുതിയ നീക്കം.

 

error: Content is protected !!