നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തെ നെടുകെ മുറിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് മതിലിനെതിരെ നീലേശ്വരത്ത് ജനകീയ പ്രതിഷേധം അണപൊട്ടുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. നഗരസഭാ ഭരണസമിതി നടത്തിയ ഏകദിന ഉപവാസ സമരത്തിന് സമരസമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ നഗരം ഒരുമിച്ച് സമരപ്പന്തലിലായി.
ജനകീയ സമര സമിതിയുടെ ആറാം ദിന പ്രതിഷേധം പ്രമുഖ പരിസ്ഥിതി സാംസ്കാരിക പ്രവര്ത്തകന് ഡോ. ടി.എം. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഈ നിര്‍മ്മാണ രീതിക്കെതിരെ അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമര സമിതി ചെയര്മാന് ടി സി വി.ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. ഗോപിനാഥന് മുതിരക്കാല്‍ സ്വാഗതം പറഞ്ഞു.
നഗരസഭാ ചെയര്മാന് മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ 34 കൗണ്‍സിലര്‍മാരും അണിനിരന്ന ഉപവാസ സമരത്തില്‍ ജനകീയ സമര സമിതി അംഗങ്ങള്‍ നേരിട്ടെത്തി പിന്തുണ അറിയിച്ചു. നാടിന്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ചെയര്മാന് ആഹ്വാനം ചെയ്തു. നഗരസഭയുടെ സമരവേദിയില്‍ സംസാരിച്ച സമരസമിതി ചെയര്മാന് ശ്രീനാഥ് ശശി, ജനപ്രതിനിധികളെ സമരപ്പന്തലിലേക്ക് സ്വാഗതം ചെയ്യുകയും പോരാട്ടം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ആകാശപാത എന്ന ആവശ്യത്തില്‍ നീലേശ്വരം ഒന്നടങ്കം ഉറച്ചുനിന്നതോടെ ദേശീയപാത അധികൃതരും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
