കാഞ്ഞങ്ങാട് : തീവണ്ടി തട്ടി മരിച്ച ആളുടെ മുഖം എ ഐ യുടെ സഹായത്തോടെ നിര്‍മ്മിച്ചു. തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിയാന്‍ സഹായകരമായി. ഇന്നലെ രാത്രി രാത്രി 7.15 മണിയോടെയാണ് പടന്നക്കാട് മേല്‍ പാലത്തിന് സമീപം ഒരാളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടത്. മരിച്ച ആളുടെ മുഖം അല്പം വികൃതമായിരുന്നു.
ഈ മുഖത്തോട് സാമ്യമായുള്ള ചിത്രം പോലീസ് എ ഐ യുടെ സഹായത്താല്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുകയായിരുന്നു. ഇതു വഴി മരിച്ച ആളെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായകരമായി. ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. പടന്നക്കാട് കരുവളത്തെ കെ.ജിതേഷ് എന്ന അപ്പു (28) ആണ് മരിച്ചത്. റൂഫിംഗ് തൊഴിലാളിയാണ്. കരുവളത്തെ പരേതനായ നടുക്കേപുരയില്‍ ജനാര്‍ദ്ദനന്‍, ബേബിയുടെ മകനാണ്. സഹോദരങ്ങള്‍: വിജേഷ്, വിജിഷ.
