കാസര്‍കോട്: 2026 ഫെബ്രുവരി നാലുമുതല്‍ എട്ടുവരെ കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് നാളെ കാസര്‍കോട് സ്വീകരണം നല്‍കും. രാവിലെ 10ന് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് നടക്കുന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്വാഗത സംഘം ചെയര്മാന് ത്വാഖാ അഹ്മദ് മൗലവി അസ്ഹരി അധ്യക്ഷത വഹിക്കും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ മുഖ്യാതിഥിയാകും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, മുസ് ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ മുഖ്യാതിഥികളാകും. പ്രമുഖ പണ്ഡിതരും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും.
കാസര്‍കോട്ടെ സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായി നാളെ രാവിലെ ഒന്‍പതിന് തളങ്കരയില്‍ സ്വാഗത സംഘം ചെയര്മാന് എ. അബ്ദുല്റഹ്മാന് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന കൂട്ട സിയാറത്തിന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മജ്ലിസുന്നൂറിന് സയ്യിദ് ഹാദി തങ്ങള്‍ നേതൃത്വം നല്‍കും.
ഇന്ന് കണ്ണൂരിലെ സ്വീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കി രാത്രി തൃക്കരിപ്പൂരില്‍ എത്തിച്ചേരുന്ന ജാഥയ്ക്ക് അവിടെ വരവേല്പ് നല്‍കും. നാളെ രാവിലെ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് 200 വാഹനങ്ങളുടെ അകമ്പടിയോടെ ചന്ദ്രഗിരി പാലം വഴി സ്വീകരണ കേന്ദ്രമായ തളങ്കരയിലേക്ക് ആനയിക്കും. കാസര്കോട്റെയില്വേ സ്റ്റേഷന് പരിസരത്ത്ജാഥാ ക്യാപ്റ്റനായ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെ തളങ്കര മാലിക് ദീനാര്‍ പരിസരത്ത് 313ആമില, വിഖായ, ഖിദ്മ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആനയിക്കും. സ്വീകരണ സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
19 ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് മൂന്നു സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര നാളെ വൈകുന്നേരം അഞ്ചിന് മംഗളൂരു അഡിയാര്‍ കണ്ണൂര്‍ മൈതാനിയില്‍ സമാപിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടനാ നേതാക്കള്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട പണ്ഡിതര്‍, സയ്യിദന്മാര്, ഉമറാക്കള്‍ ഉള്‍പ്പെടെ 100 സ്ഥിരാംഗങ്ങള്‍ യാത്രയെ അനുഗമിക്കുന്നുണ്ട്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും രാഷ്ട്രീയ സമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
