റാണിപുരം : കുണ്ടുപ്പള്ളിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു. കുണ്ടുപ്പള്ളിയിലെ പി മോഹനന്റെ കൃഷിയിടത്തിലാണ് ഇന്ന് പുലര്‍ച്ചെ ആന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. കായ്ഫലമുള്ളതും ഇല്ലാത്തതുമായ 15 ഓളം തെങ്ങുകളും, പത്തോളം കമുകുകളും, നിരവധി വാഴകളുമാണ് ആന നശിപ്പിച്ചത്. മാസങ്ങളായി ഈ പ്രദേശത്ത് കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. കാട്ടാനകളെ തടയുന്നതിനായി സ്ഥാപിച്ച സൗരോര്‍ജ്ജ വേലിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വേലി പ്രവര്‍ത്തനക്ഷമമാക്കാത്തതാണ് ഈ മേഖലയില്‍ ആന ഇറങ്ങി കൃഷി നശിപ്പിക്കാന്‍ കാരണമാകുന്നത്. സൗരോര്‍ജ്ജ വേലിയുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അത് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായുള്ള ജീവനോപാദികളാണ് കാട്ടാനകള്‍ വന്ന് നശിപ്പിക്കുന്നത്. കാട്ടാനകളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പാണത്തൂര്‍ കുണ്ടുപ്പള്ളിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
