local news

ചികിത്സാപ്പിഴവ് ആരോപണം: പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവുമൂലം വയോധിക മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 41 പേര്‍ക്കെതിരെയാണ് കേസ്. ചീമേനി ചെമ്പ്രകാനത്തെ വി.വി. മാധവി (71) ആണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ മാധവിയെക്കുറിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചില്ല. ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ ജീവനക്കാര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും ആരോപണമുണ്ട്. പകല്‍ രണ്ടോടെ മാധവിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് പുറത്തുകൊണ്ടുവന്നപ്പോള്‍ മരവിച്ച നിലയിലായിരുന്നു. തിടുക്കത്തില്‍ ഐ.സി.യുവിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും മരണവിവരം ഏറെനേരം മറച്ചുവെച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് ചൊവ്വ വൈകീട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി എം.വി. രതീഷ്, പ്രസിഡന്റ് വി. ഗിനീഷ്, ശ്രീജിത്ത് രവീന്ദ്രന്‍, ഡോ. സെറീന സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇതിനെതിരെയാണ് ആശുപത്രി സംരക്ഷണ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
പ്രതിഷേധത്തിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.എം.ഒ ഡെപ്യൂട്ടി ഡി.എം.ഒയെ ചുമതലപ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിനെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം.വി. രതീഷ് ആരോപിച്ചു.

 

error: Content is protected !!