നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് ദേശീയപാതയില്‍ നിന്ന് നേരിട്ട് റോഡ് വേണം; ഡി.ആര്.എമ്മിന് നിവേദനം നല്കി
നീലേശ്വരം: ദേശീയപാത 66-ല്‍ നിന്നും നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് നേരിട്ടുള്ള റോഡ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്മാന് പി.പി. മുഹമ്മദ് റാഫി ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് നിവേദനം നല്കി. നിലവില്‍ ദേശീയപാതയില്‍ നിന്നും സ്റ്റേഷനിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്തത് യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. നീലേശ്വരം നഗരസഭാ നിവാസികള്‍ക്ക് പുറമെ ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ തുടങ്ങിയ പഞ്ചായത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് യാത്രക്കാരാണ് നിത്യേന സ്റ്റേഷനെ ആശ്രയിക്കുന്നത്. നേരിട്ടുള്ള റോഡ് ഇല്ലാത്തതിനാല്‍ ദേശീയപാതയിലൂടെ വരുന്നവര്‍ കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞാണ് ഇപ്പോള്‍ സ്റ്റേഷനിലെത്തുന്നത്. ഇത് സമയനഷ്ടത്തിനും നഗരത്തിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
ദേശീയപാതയോരത്തെ കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപത്തുനിന്നും ആരംഭിച്ച് റെയില്‍വേ സ്റ്റേഷന് അതിര്‍ത്തിയില്‍ അവസാനിക്കുന്ന നിലവിലുള്ള റോഡ്, റെയില്‍വേ ഭൂമിയിലൂടെ നീട്ടി സ്റ്റേഷനുമായി ബന്ധിപ്പിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ട റെയില്‍വേ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചെയര്മാന് ആവശ്യപ്പെട്ടു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമാകും.
അതേസമയം, റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ട രാമേശ്വരം, പൂനെ ട്രെയിനുകളുടെ സ്റ്റോപ്പ് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, സ്ഥിരം സമിതി ചെയര്മാന് കെ. സതീശന്, കൗണ്‍സിലര്‍മാരായ കെ.പി. ശ്രീനിവാസന്, കെ.വി. ലീല, നീലേശ്വരം റെയില്‍വേ പാസ്സഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ എന്‍. സദാശിവന്, പി.ടി. രാജേഷ്, ഗീത റാവു എന്നിവരുടെ നേതൃത്വത്തില്‍ ഡിവിഷണല്‍ മാനേജറെ സ്വീകരിച്ചു. സീനിയര്‍ ഡിവിഷണല്‍ കമേഴ്സ്യല്‍ മാനേജര്‍ ബാലമുരളി, ഡിവിഷണല്‍ എഞ്ചിനീയര്‍ (വെസ്റ്റ്) അഭിഷേക് വര്‍മ, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

