local news

ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് 3.75 ലക്ഷം തട്ടിപ്പ്; പ്രതി തൃശ്ശൂരില്‍ പിടിയില്‍

കാഞ്ഞങ്ങാട്: കാനറ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 3,75,151 രൂപ തട്ടിയെടുത്ത കേസില്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായ യുവാവിനെ ഹോസ്ദുര്‍ഗ് പോലീസ് തൃശ്ശൂരില്‍ നിന്ന് പിടികൂടി.
എറണാകുളം ഇടപ്പള്ളി മാലിയക്കല്‍ റോഡ് അമൃതം ഗൗരി അപ്പാര്‍ട്ട്‌മെന്റില്‍ വാസുദേവപുരം പാലസ് സ്വദേശി കിഷോര്‍ ശങ്കര്‍ (42) ആണ് പിടിയിലായത്.

പുതുക്കൈ സ്വദേശി സിദ്ധാര്‍ഥിനെ 2026 നവംബര്‍ 16-ന് പഴനിയില്‍ വെച്ചാണ് പ്രതി പരിചയപ്പെടുന്നത്. കാസര്‍കോട് വിദ്യാനഗര്‍ കാനറ ബാങ്കിലെ എന്‍.ആര്‍.ഐ സെക്ഷന്‍ മാനേജരാണെന്നും പേര് ശ്രീറാം എന്നാണെന്നും തെറ്റായി പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് ബാങ്കില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നവംബര്‍ 16 മുതല്‍ 23 വരെയുള്ള കാലയളവില്‍ പല തവണകളായി 3,75,151 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.സംഭവത്തില്‍ നവംബര്‍ 25-ന് ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി സമാന സ്വഭാവത്തിലുള്ള മറ്റ് പല തട്ടിപ്പ് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അന്വേഷണസംഘം രൂപീകരിച്ചു. വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഓഫീസിലെ ജി.എ.എസ്.ഐ. കെ.രഞ്ജിത്ത്, കാസര്‍കോട് ഡി.എച്ച്.ക്യു സൈബര്‍ വിദഗ്ധന്‍ ജി.എ.എസ്.ഐ ശിവകുമാര്‍ പള്ളിയത്ത്, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ കെ .രാജേഷ് എന്നിവര്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പി.കെ.പഴനിസ്വാമി, സി.ശ്രീജിത്ത് എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍ ജില്ലയിലെ പൂങ്കുന്നത്ത് നിന്ന് പ്രതിയെ പിടികൂടി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.
മാന്നാര്‍, പേരൂര്‍ക്കട, എടക്കര, തൃശ്ശൂര്‍ വെസ്റ്റ്, വിദ്യാനഗര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത സമാനമായ അഞ്ച് തട്ടിപ്പ് കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയുടെ മറ്റ് തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ എസ്.ഐ പി എ അബ്ദുള്‍ ബാസിത്ത് ആണ് കേസ് അന്വേഷിക്കുന്നത്.

 

error: Content is protected !!