ഓവുചാലിന് സുരക്ഷാ വേലി വേണം; ഡി.ആര്.എമ്മിന് നിവേദനം
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് അതിഞ്ഞാലില്‍ ഗവ. മാപ്പിള എല്‍.പി. സ്കൂളിന് സമീപമുള്ള ഓവുചാലിന് സുരക്ഷാ വേലി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് നിവേദനം നല്കി. 17-ാം വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടാണ് നിവേദനം സമര്‍പ്പിച്ചത്. പി.ടി.എ. പ്രസിഡന്റ് ഷബീര്‍ ഹസ്സന്, ടി. മുഹമ്മദ് അസ്ലം, പി.എം. നാസര്‍, സി.കെ. നാസര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നൂറുകണക്കിന് കൊച്ചുകുട്ടികള്‍ പഠിക്കുന്ന സ്കൂളിന് തൊട്ടടുത്ത് റെയില്‍വേ ലൈനിനോട് ചേര്‍ന്ന് കടന്നുപോകുന്ന ഓവുചാലിന് നിലവില്‍ സംരക്ഷണ വേലികളൊന്നുമില്ലാത്തത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. മഴക്കാലത്ത് ഓവുചാലില്‍ വെള്ളം കെട്ടിനില്ക്കുമ്പോള് അബദ്ധത്തില്‍ കുട്ടികള്‍ ഇതിലേക്ക് വീഴാനും വലിയ അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയേറെയാണ്.റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഭാഗമായതിനാല്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും അധ്യാപകരും കടുത്ത ആശങ്കയിലാണ്. പിഞ്ചുകുട്ടികളുടെ ജീവന് രക്ഷിക്കുന്നതിനായി ഓവുചാലിന്റെ വശങ്ങളില് അടിയന്തരമായി സുരക്ഷാ വേലി നിര്‍മിക്കുന്നതിന് റെയില്‍വേയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

