ഹെയര്‍ സ്‌റ്റൈലില്‍ താരമായി, അഭിനയത്തില്‍ ഒന്നാമനായി; കലോത്സവ വേദിയിലെ വിശാല്‍ കൃഷ്ണ
പെരിയ: വേദിയിലേക്ക് കയറും മുമ്പേ തന്നെ കാണികള്‍ തിരിച്ചറിഞ്ഞു. വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും കുസൃതി നിറഞ്ഞ ചിരിയുമായി നടന്നു വന്ന ആ പയ്യന്‍ ഇത്തവണത്തെ കലോത്സവത്തിലെ താരമാകുമെന്ന് പലരും പറഞ്ഞിരുന്നു. ആ പ്രവചനം തെറ്റിയില്ല. യു.പി. വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനായി വിശാല്‍ കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു.
ജി.വി.എച്ച്.എസ്.എസ്. കാറടുക്കയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിശാല്‍. ‘ഡിങ്കന്‍ പി.ഒ. പങ്കിലക്കാട്’ എന്ന നാടകത്തില്‍ ആശാന്റെ ശിഷ്യന്‍ ‘തട്ട’ എന്ന കഥാപാത്രത്തെയാണ് വിശാല്‍ അവതരിപ്പിച്ചത്. തട്ടയുടെ നിഷ്‌കളങ്കതയും കുസൃതിയും വേദിയില്‍ പകര്‍ത്താന്‍ വിശാലിന് പ്രത്യേക മേക്കപ്പോ വലിയ ഡയലോഗോ വേണ്ടി വന്നില്ല. അവന്റെ സ്വാഭാവികമായ അഭിനയവും ശരീരഭാഷയും തന്നെയാണ് വിധികര്‍ത്താക്കളെയും കാണികളെയും കയ്യിലെടുത്തത്. ഹെയര്‍ സ്‌റ്റൈല്‍ കൊണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ടെങ്കിലും, അഭിനയം കൊണ്ടാണ് വിശാല്‍ കലോത്സവ വേദിയില്‍ താരമായത്. വേദിക്ക് പുറത്തും ഫോട്ടോ എടുക്കാന്‍ കുട്ടികള്‍ വിശാലിനെ തേടിയെത്തുന്നുണ്ടായിരുന്നു. കാറടുക്കയിലെപെയിന്റിങ് തൊഴിലാളി ജയകുമാറിന്റെയും പഞ്ചായത്ത് ഓഫീസ് ജീവനക്കാരി പൂര്‍ണിമയുടെയും മകനാണ് വിശാല്‍ കൃഷ്ണ.

