local news

ഭണ്ഡാര കവര്‍ച്ചകള്‍ക്ക് അറുതി; മൂന്ന് പേര്‍ അറസ്റ്റില്‍

അമ്പലത്തറ: അജാനൂര്‍, പുല്ലൂര്‍, പെരിയ പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളില്‍ കഴിഞ്ഞ രണ്ട് മാസമായി തുടര്‍ന്നിരുന്ന ഭണ്ഡാര കവര്‍ച്ചകള്‍ക്ക് പിന്നിലെ സംഘം പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. കല്ലൂരാവിയിലെ മുനവര്‍ (19), മൂന്നാം മൈലിലെ ഫാസില്‍ ഷാന്‍ (19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. ഏറ്റവും ഒടുവില്‍ മോഷണം നടന്നത് മീങ്ങോത്ത് പെരുംതൃക്കോവിലപ്പന്‍ ക്ഷേത്രത്തിലാണ്. അവിടെ നിന്ന് ചെമ്പ് ഭണ്ഡാരവും മൂന്ന് ഓട്ടുരുളികളും മോഷണം പോയി. നാലമ്പലത്തിന്റെയും ഓഫീസിന്റെയും പൂട്ടുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടന്നിരുന്നു.
ഒരു മാസം മുമ്പ് പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരവും തണ്ണോട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം, കേളോത്ത് ഭദ്രകാളി കാവ്, പുല്ലൂര്‍ ഗുളികന്‍ ദേവസ്ഥാനം, കല്യാണം മുത്തപ്പന്‍ മടപ്പുര എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവിധ ഇടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസ് തെളിയിക്കാന്‍ സഹായകമായത്. അറസ്റ്റിലായവരില്‍ കല്ലൂരാവിയിലെ മുനവര്‍ നേരത്തെ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ്. പയ്യന്നൂര്‍, ബേക്കല്‍, അമ്പലത്തറ സ്റ്റേഷന്‍ പരിധികളിലെ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതുള്‍പ്പെടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബേക്കല്‍ ഡി.വൈ.എസ്.പി. കെ. വിനോദ് കുമാര്‍, രാജപുരം സി.ഐ. എ. സന്തോഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അമ്പലത്തറ എസ്.ഐ. എം. സവ്യസാചിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.അന്വേഷണ സംഘത്തില്‍ എസ്പിയുടെ സ്‌പെഷ്യല്‍ കോഡ് അംഗങ്ങളായ എസ് ഐ അബൂബക്കര്‍ കല്ലായി, എ എസ് ഐ ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നികേഷ് എന്നിവരും ഉണ്ടായിരുന്നു.

 

error: Content is protected !!