local news

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫണ്ട്: കെ.എസ്.യുവില്‍ പൊട്ടിത്തെറി

കാസര്‍കോട്: കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനായി ശേഖരിച്ച പണത്തിന്റെ കണക്കിനെ ചൊല്ലി ജില്ലാ കെ.എസ്.യുവില്‍ കലഹം രൂക്ഷമായി. ജില്ലാ നേതൃത്വത്തിനെതിരെ വിവിധ യൂണിറ്റ് ഭാരവാഹികളാണ് രംഗത്തുവന്നിരിക്കുന്നത്. ‘കെ.എസ്.യു കാസര്‍കോട് കൂട്ടായ്മ’ എന്ന വാട്സാപ്പ് കൂട്ടായ്മയിലാണ് തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. ഈ ചര്‍ച്ചകളുടെ സ്‌ക്രീന്‍ഷോട്ടുകളും ശബ്ദസന്ദേശങ്ങളും ഇപ്പോള്‍ പുറത്ത് പ്രചരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് പ്രാദേശികമായി പിരിച്ചെടുത്ത തുകയുടെ വ്യക്തമായ കണക്ക് ജില്ലാ ഭാരവാഹികള്‍ നല്‍കുന്നില്ല എന്നതാണ് പ്രധാന പരാതി. രാജപുരം സെന്റ് പയസ് കോളജിന്റെ കാര്യത്തിലാണ് ഏറ്റവും വലിയ ആക്ഷേപം. യൂണിറ്റിന് 25,000 രൂപ നല്‍കിയെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ലഭിച്ചത് 10,000 രൂപ മാത്രമാണെന്ന് യൂണിറ്റ് ഭാരവാഹി പറയുന്നു. അത് പോലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്ന് ലഭിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കടം വാങ്ങി പ്രചാരണം നടത്തിയിട്ടും പിരിച്ച പണം യൂണിറ്റുകള്‍ക്ക് കൈമാറിയില്ലെന്നും ആരോപണമുണ്ട്. മുമ്പ് യൂണിറ്റുകള്‍ നേരിട്ട് പണം വാങ്ങിയിരുന്ന ബാങ്കുകളില്‍ നിന്ന് ഇത്തവണ ജില്ലാ കമ്മിറ്റിയാണ് പണം കൈപ്പറ്റിയത്. എന്നാല്‍ അത് താഴെത്തട്ടിലേക്ക് എത്തിയില്ലെന്നാണ് ഭാരവാഹികളുടെ ആക്ഷേപം.
എന്നാല്‍ ആരോപണങ്ങളെല്ലാം ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു.
പിരിച്ച ഫണ്ട് മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. നീലേശ്വരം, ഹൊസ്ദുര്‍ഗ് ബാങ്കുകളില്‍ നിന്ന് ജില്ലാ കമ്മിറ്റി ഫണ്ട് വാങ്ങിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു.
ഔദ്യോഗിക ഗ്രൂപ്പില്‍ നടന്നത് വെറുമൊരു ചര്‍ച്ച മാത്രമാണെന്നും അതില്‍ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും ജവാദ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് ചിലര്‍ അങ്ങനെ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പിലെ ആഭ്യന്തര ചര്‍ച്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഘടനയ്ക്കുള്ളിലെ ചില താല്‍പര്യക്കാരാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.
സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

error: Content is protected !!