local news

ജന്മനാടിന് കാനായിയുടെ കൈയൊപ്പ്: കാസര്‍കോട്ടെ ശില്പങ്ങള്‍ 13 ന് അനാവരണം ചെയ്യും

കാഞ്ഞങ്ങാട്:കാസര്‍കോടിന്റെ മണ്ണില്‍, കാസര്‍കോടിന്റെ മകന്റെ കൈയൊപ്പ്. കാസര്‍കോട്
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ഉയര്‍ന്ന കാനായി ശില്പങ്ങള്‍ 13-ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനാവരണം ചെയ്യും.ഇതോടെ ശില്പങ്ങളുടെ .പണി പൂര്‍ത്തിയാക്കി ഏഴ് മാസത്തെ കാത്തിരിപ്പിന് വിരാമം ആകുന്നു.
1937, കുംഭത്തിലെ തൃക്കേട്ട നാള്‍. അന്നായിരുന്നു കാനായിയുടെ ജനനം. നവതിയുടെ നിറവിലേക്ക് ഇനി മൂന്നരമാസം മാത്രം. ആ 90-ാം പിറന്നാളിന് മുന്നോടിയായി കാസര്‍കോടിന് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണിത്.
പ്രായം 90 ആകാറായി. രോഗവും അവശതയും ശരീരത്തെ തളര്‍ത്തുന്നുണ്ട്. എന്നിട്ടും കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീടിന്റെ ഉമ്മറത്തിരുന്ന് കാനായി സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ ഇപ്പോഴും അതേ തീയാണ്. ശില്പകലയുടെ ജീവിതതാളം. ജന്മനാടാണ് കാസര്‍കോട്. എന്നിട്ടും ഇതുവരെ ഈ ജില്ലയില്‍ കാനായിയുടെ ഒരു ശില്പം പോലും ഉണ്ടായിരുന്നില്ല. അതായിരുന്നു കാനായിയുടെ ഏറ്റവും വലിയ നൊമ്പരം. ജില്ലാ പഞ്ചായത്തിന് മുന്നില്‍ ഉയര്‍ന്ന ഈ രണ്ട് ശില്പങ്ങള്‍ ആ നൊമ്പരത്തിനുള്ള മറുപടിയാണ്. കാസര്‍കോടിന് ഒരു കൈയൊപ്പ് ചാര്‍ത്തണമെന്ന കാനായിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം കൂടിയായിരുന്നു ഇത്. 12 വര്‍ഷം മുന്‍പാണ് പണി തുടങ്ങിയത്. ഇടയ്ക്ക് പലതവണ പണി മുടങ്ങി. കോവിഡ് വന്നു. സാങ്കേതിക തടസ്സങ്ങള്‍ വന്നു. ഒടുവില്‍ വീട്ടില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നപ്പോഴും കാനായി പറഞ്ഞത് ഒന്നേയുള്ളൂ: ‘ഈ ശില്പം പൂര്‍ത്തിയാക്കുന്ന ഒരു ദിവസം ഉണ്ടാകും.’ ആ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. ജില്ലാ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് വീട്ടില്‍ വന്ന് ആഗ്രഹം പറഞ്ഞതോടെ ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും പണി തുടങ്ങി ഏപ്രില്‍ 24 ന് പൂര്‍ത്തിയാക്കി. അരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇരു ശില്പങ്ങളും പൂര്‍ത്തിയാക്കിയത്.കാസര്‍കോട്ടേക്ക് വരുന്നത് രണ്ട് ശില്പങ്ങളാണ്. ഒന്നിന് പേര് ‘വിക്ടിംസ്’. മറ്റേതിന് ‘സ്വാതന്ത്ര്യം’. അമ്മയും കുഞ്ഞുങ്ങളും ചേര്‍ന്ന കോണ്‍ക്രീറ്റ് ശില്പമാണ് ‘വിക്ടിംസ്’. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഓര്‍മ്മകള്‍ക്കായാണ് ഈ ശില്പം ഉയരുന്നത്. കാനായിയുടെ ശില്പങ്ങളില്‍ ഏറ്റവും ഉയരം കൂടിയതും ഇതാണ്. 40 അടിയില്‍ കൂടുതല്‍ ഉയരം!
വാനിലേക്ക് മുഷ്ടി ചുരുട്ടി ഉയര്‍ത്തി നില്‍ക്കുന്നതാണ് ‘സ്വാതന്ത്ര്യം’ എന്ന രണ്ടാമത്തെ ശില്പം.
15-ാം വയസ്സില്‍ കൊത്തിത്തുടങ്ങിയ കൈകള്‍. ഏഴര പതിറ്റാണ്ട് നീണ്ട കര്‍മ്മപാത. അതിലെ ഒടുവിലത്തെ ശില്പങ്ങളാണ് കാസര്‍കോട്ടേത്. മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ശില്പകലയില്‍ ഡിപ്ലോമ എടുത്ത കാനായി, പിന്നീട് ലണ്ടനിലെ സ്ലെയ്ഡ് സ്‌കൂളില്‍ ഉപരിപഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയത് പുതിയ ആശയങ്ങളും തീരുമാനങ്ങളും നിറച്ച മനസ്സോടെയായിരുന്നു.ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മാത്രം ഒതുങ്ങിയ ശില്പത്തെ പൊതു ഇടങ്ങളിലേക്ക് കൊണ്ടുവന്നത് ധീരമായ തീരുമാനമായിരുന്നു. ‘പ്രകൃതി അമ്മയും മനുഷ്യര്‍ മക്കളും’ – അന്നും ഇന്നും കാനായി പറയുന്ന ഒരേയൊരു വാചകം. മലമ്പുഴയില്‍ യക്ഷിയെ ചെയ്യുമ്പോള്‍ താന്‍ അവിടെ കല്‍പ്പണിക്കാരനായി കൂലി വാങ്ങിയിരുന്നതായി കാനായി ഇപ്പോഴും ഓര്‍ക്കുന്നു. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നല്ലൊരു മനുഷ്യനാകാനാണ്. കലയെന്ന മരത്തിലെ ഒരു പൂവിനുള്ള സ്ഥാനമേ എനിക്കുള്ളൂ. ഞാന്‍ കലകൊണ്ട് സമൂഹത്തിലെ തൂപ്പുപണി ചെയ്യുകയാണ്. കല തൂക്കിയിടാനുള്ള അലങ്കാരമല്ല. കലയുടെ ധര്‍മ്മം ശുദ്ധീകരണമാണയെന്നാണ് അദ്ദേഹം പറയുന്നത്.

 

error: Content is protected !!