ഇന്ത്യയുടെ യുവതലമുറയെ ഒരു ഛിദ്രശക്തിക്കും കീഴടക്കാനാവില്ല:ഡോ.വി.ബാലകൃഷ്ണന്; ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എഴുത്തുകാരിയും കവിയത്രിയുമായ സിജി രാജന്റെ ‘അവസാന ഡോസ്’ ‘എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ പ്രദര്‍ശനവും സ്വിച്ചോണ്‍ കര്‍മവും നടന്നു
.കാഞ്ഞങ്ങാട്: ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്താണ് യുവതലമുറയെന്നും ആ യുവശക്തിയെ ഒരു ഛിദ്രശക്തിക്കും കീഴടക്കാനാവില്ലെന്നും നാര്‍ക്കോട്ടിക് സെല്‍ കാസര്‍കോട് ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ഭാരതത്തിലെ യുവശക്തിയെ ലോകം ഭയപ്പെടുകയാണെന്നും ആ യുവശക്തിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംഡിഎംഎ പോലുള്ള മാരക ലഹരിവസ്തുക്കള്‍ യുവാക്കളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ലക്ഷ്യങ്ങള്‍ തിരിച്ചറിയാനും ചെറുക്കാനും ഭാരതത്തിലെ യുവാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ സിജി രാജന് കാഞ്ഞങ്ങാട് കഥ, തിരക്കഥ, ഗാനരചന, സംവിധാനം എന്നിവ നിര്‍വഹിച്ച ‘അവസാന ഡോസ് ‘എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് നേരിടുന്ന മൂന്ന് പ്രധാന ഭീഷണികള്‍ പ്രകൃതിദുരന്തം, ഡിജിറ്റല്‍ ദുരന്തം, എംഡിഎംഎ എന്നിവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളെക്കുറിച്ച് സമൂഹം ബോധവാന്മാരാകുന്നതിനൊപ്പം ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി.വി. പ്രഭാകരന് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി നാലപ്പാടം പത്മനാഭന്, എഴുത്തുകാരന് സുകുമാരന്‍ പെരിയച്ചൂര്‍, നിരൂപകന് എം.കെ. ഗോപകുമാര്‍, ടോംസണ് മാഷ്, അനില്‍ പട്ടേന, രാജി മിംടക്ക്,ഛായാഗ്രാഹകന്‍ പ്രവീണ്‍ സുമേര, രാജന് മൂളിയാര്‍, സുധാകരന് കൊള്ളിക്കാട് എന്നിവര്‍ സംസാരിച്ചു.
‘അവസാന ഡോസ്’ ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാതാവും സംവിധായികയുമായ സിജി രാജനെ ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. സപര്യ സാംസ്കാരിക സമിതിയുടെ ഉപഹാരങ്ങള്‍ ജനമൈത്രി പോലീസ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കോതോളിക്കും സംവിധായിക സിജി രാജനും ഡോ.വി. ബാലകൃഷ്ണന് സമ്മാനിച്ചു. സംവിധായിക സിജി രാജന് നന്ദി പറഞ്ഞു.

