ക്രിയേറ്റീവ് വയലാര്‍ കവിതാ പുരസ്കാരം ബി.എന്‍.ഹരീഷിന്
കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കാഞ്ഞങ്ങാട് കലാ-സാംസ്കാരിക വേദി ജില്ലയിലെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ‘ വയലാര്‍ പുരസ്കാരം’ കവിതാ രചന മല്‍സരത്തില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 9 -ാം തരം വിദ്യാര്‍ത്ഥി ബി.എന്‍.ഹരീഷ് ജേതാവായി. തീയെരിച്ച മനസുകള്‍ എന്ന കവിതക്കാണ് അവാര്‍ഡ്.
5001 രൂപയും ശില്പവും, സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്കാരം. കരിവേടകം നരിയന്റെ പുന്നയിലെ കര്‍ഷരായ ബാലകൃഷ്ണന്റെയും മായയുടെയും മകനാണ് പുരസ്കാര ജേതാവായ ഹരീഷ്. പരവനടുക്കം ജി.എം.ആര്.എച്ച്..എസ്.എസ് സ്കൂളിലെ 6-ാം തരം വിദ്യാര്‍ത്ഥി ബി.എന്‍.ദീപ്തി ഏക സഹോദരിയാണ്
നവംബര്‍ 7 ന് ഉച്ചയ്ക്ക് 2.30 ന് ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന വയലാര്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് മുന്‍ കോഴിക്കോട്, കണ്ണൂര്‍ വൈസ് ചാന്‍സിലറും ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ രക്ഷാധികാരിയുമായ ഡോ:ഖാദര്‍ മാങ്ങാട് പുരസ്കാരം സമര്‍പ്പണം നടത്തുമെന്ന് ക്രിയേറ്റീവ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാ മുന്‍ മലയാള വിഭാഗം തലവനും ക്രിയേറ്റീവ് രക്ഷാധികാരിയുമായ ഡോ:എ.എം.ശ്രീധരന് ചെയര്‍മാനായും, ഡോ.പി.കെ.ജയരാജന് പൊയിനാച്ചി, ഡോ.ബിനോയ് കുഞ്ഞിമംഗലം എന്നീവരടങ്ങിയ ജഡ്ജിംങ് പാനലാണ് വയലാര്‍ കവിതാ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പരിപാടി സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വയലാര്‍ ഗാനങ്ങള്‍ ആസ്പദമാക്കി നര്‍ത്തകിയും നൃത്താധ്യാപികയുമായ അശ്വതി അഞ്ചാം വയലിന്റെ നൃത്താവിഷ്ക്കാരവും ഗായകന് എ എം . അശോക് കുമാറിന്റെ നേതൃത്വത്തില്‍ വയലാര്‍ സ്മൃതി ഗീതങ്ങളും അരങ്ങേറും.
വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് സുകുമാര്‍ ആശീര്‍വാദ്, സെക്രട്ടറി വിനോദ് ആവിക്കര , ട്രഷറര്‍ സത്താര്‍ ആവിക്കര ,എക്സിക്യൂട്ടീവ് അംഗം എ . ഹമീദ് ഹാജി,മുന്‍ പ്രസിഡന്റ് ജബ്ബാര്‍ കാഞ്ഞങ്ങാട്,സുരേഷ് പെരിയങ്ങാനം, എ എം അശോക് കുമാര്‍, പവിത്രന് കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

