തോല്‍വിയുടെ ഉത്തരവാദിത്തം എസ്.ഐ.ആറില്‍ ചാര്‍ത്തി മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമം: അഡ്വ. ഉല്ലാസ് ബാബു
കാഞ്ഞങ്ങാട്: ജനപിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് എണ്‍പതിലേറെ തെരഞ്ഞെടുപ്പ് തോല്‍വികളുടെ ഉത്തരവാദിത്തം എസ്.ഐ.ആര്‍ പ്രക്രിയയുടെ മേല്‍ ചുമത്തി ഡല്‍ഹിയില്‍ തെരുവിലിറങ്ങി സമരം നടത്താന്‍ കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഉല്ലാസ് ബാബു പറഞ്ഞു. സി.പി.എമ്മിന്റെ അരാജകത്വത്തിനും ആള്‍ക്കൂട്ട അരാജകത്വത്തിനും ഗുരുവനം കുന്ന് കൊള്ളക്കുമെതിരെ ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ചതുരക്കിണറില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോക്ക് പാര്‍ലമെന്റ് നടത്തി സ്വയം പരിഹാസ്യരാവുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും ഡല്‍ഹിയിലെ തെരുവുകളില്‍ ഒരുമിച്ച് സമരം ചെയ്യുകയാണ്. നിയമനങ്ങള്‍ വൈകുന്നതിനെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രധാന പ്രതിപക്ഷവും. കേരളത്തിലെ വിവിധ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാകരുതെന്നാണ് ഇരുപാര്‍ട്ടികളും ആഗ്രഹിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വയോജന ഇന്‍ഷുറന്‍സ്, ജല്‍ ജീവന്‍ മിഷന്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കാതെ പിണറായി വിജയന്റെ അതേ പാതയിലാണ് വി.ഡി. സതീശനും.
റഫേല്‍ കരാര്‍, ഇ.വി.എം വോട്ട് ചോരി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ മോദി സര്‍ക്കാരിനെതിരെ പ്രചരണം നടത്തിയ ഇന്ത്യാ മുന്നണി ദയനീയമായി പരാജയപ്പെട്ടു. പ്രത്യേക വോട്ടര്‍ പരിഷ്‌കരണം തെറ്റാണെന്ന് ഉറപ്പുണ്ടെങ്കില്‍ രാജി വെക്കാന്‍ യു.ഡി.എഫ് മന്ത്രിസഭ തയ്യാറാകണം.
ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും പാഠം പഠിക്കാന്‍ സി.പി.എം തയ്യാറാകണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാനും അണികളെ ചേര്‍ത്ത് നിര്‍ത്താനും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനുള്ള നീക്കമാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നത്. ആയിരക്കണക്കിന് എം.എല്‍.എമാരും ഇരുന്നൂറിലേറെ എം.പിമാരുമുള്ള പാര്‍ട്ടിയെ ആള്‍ക്കൂട്ട അരാജകത്വം നടത്തി ഭയപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മടിക്കൈയിലെ പാവപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനെതിരെ കുതിരകയറുന്ന പാര്‍ട്ടി സഖാക്കള്‍ കാസര്‍കോട് ജില്ലയിലെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ സമരം ചെയ്യട്ടെ. ഡല്‍ഹിയില്‍ സമരം നടത്തുന്നവര്‍ എന്തുകൊണ്ട് പി.എസ്.സിയുടെ പേരില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ ഇവിടത്തെ ഇടതു-വലതു യൂത്തന്മാര്‍ തയ്യാറാകാത്തത് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ഭരണഘടന എഴുതിയ അംബേദ്കര്‍ മത്സരിക്കുമ്പോള്‍ പരാജയപ്പെടുത്താന്‍ നിരവധി വേദികളില്‍ പ്രസംഗം നടത്തിയ ആളാണ് നെഹ്‌റു. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ഇന്ന് ഭരണഘടന പൊക്കിപ്പിടിച്ച് നടക്കുന്നത്. 50 വര്‍ഷക്കാലമെങ്കിലും ദീര്‍ഘവീക്ഷണത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനാകണം നേതാവ്. ഗുണ്ടായിസം കാണിച്ച് ഒരുത്തനും നേതാവാകാന്‍ കഴിയില്ല. സകല മേഖലകളിലും വികസനത്തിന്റെ പൊന്‍വെളിച്ചങ്ങള്‍ എത്തിച്ച് ഭാരതത്തെ ഒന്നാമതെത്തിക്കാനുള്ള പണിപ്പുരയിലാണ് നരേന്ദ്ര മോദിയും അമിത് ഷായും. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിച്ചേ തീരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത് അധ്യക്ഷനായി. സി.പി.എം വിട്ട് ബി.ജെ.പിയില്‍ എത്തിയ വിനോദ് കുമാര്‍, ദിലീഷ് കുമാര്‍, കെ. ഷിബിന്‍, പ്രജുന എന്നിവരെ ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കണ്ണൂര്‍ മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, സംസ്ഥാന സമിതി അംഗം എ. വേലായുധന്‍, സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, മനുലാല്‍ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബല്‍രാജ്, എച്ച്.ആര്‍. സുകന്യ, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചത്തമത്ത്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി. പത്മനാഭന്‍, ബിജി ബാബു എന്നിവര്‍ സംസാരിച്ചു. ബി.ജെ.പി മടിക്കൈ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം. പ്രകാശന്‍ സ്വാഗതവും മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എ. കൃഷ്ണന്‍ അരയി നന്ദിയും പറഞ്ഞു. കൂലോം റോഡ് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തില്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു

