കാലിച്ചാനൂട്ടിന്റെ പുണ്യവുമായി പത്താമുദയം; കാഞ്ഞിരമരച്ചോട്ടില്‍ നാടിന്റെ നന്മയ്ക്കായി ഒരു പ്രാര്‍ത്ഥന

പ്രഭാകരന് കാഞ്ഞങ്ങാട്
ഹൊസ്ദുര്‍ഗ്ഗ്: കന്നുകാലികളുടെ കാവലാളായ കാലിച്ചാന്‍ ദൈവത്തിന് അന്നമൂട്ടി, കാര്‍ഷിക സമൃദ്ധിക്കും ജീവജാലങ്ങളുടെ സംരക്ഷണത്തിനുമായി ഒരു ദേശം ഒന്നിച്ചുചേരുന്ന അനുഷ്ഠാനം ഇന്ന് നടന്നു.ആയിമ്പാടിയില് പിറന്ന കണ്ണന്റെയും കളിക്കൂട്ടുകാരായ കാലിയച്ചെക്കന്മാരുടെയും കഥകള്‍ ഓര്‍ത്തെടുക്കുന്ന കാലിച്ചാട്ടാണ് തുലാപ്പത്തിന് നടന്നത്. ഉത്തരമലയാളത്തിന്റെ ഉര്വ്വരതാനുഷ്ഠാനങ്ങള്ക്ക് ഹരിതാഭ ചാര്‍ത്തുന്നതാണ് മറഞ്ഞുകൊണ്ടിരിക്കുന്ന ഈ ചടങ്ങ്.
വടക്കേ മലബാറിന്റെ അനുഷ്ഠാന പാരമ്പര്യത്തില്‍ പ്രകൃതിയോടും കന്നുകാലികളോടും കാവുദൈവങ്ങളോടുമുള്ള ആദരവ് ഒരുപോലെ സംഗമിക്കുന്ന ഒരു വിശേഷദിനമാണ് തുലാം പത്താമുദയവും അതിനോടനുബന്ധിച്ചുള്ള കാലിച്ചാനൂട്ടും. കാവിന്റെ മണ്ണും ഗ്രാമത്തിന്റെ വിശ്വാസവും കര്‍ഷകജീവിതത്തിന്റെ ഓര്‍മകളും ഇഴചേര്‍ന്ന ഈ ആചാരത്തെ തുലാം മാസത്തിലെ പത്താമുദയത്തിന്റെ പുലരിക്ക് വടക്കേ മലബാറിന്റെ ഗ്രാമങ്ങളില്‍ ഒരു പ്രത്യേക സൗന്ദര്യമുണ്ട്. തെയ്യക്കാലത്തിന്റെ വരവറിയിക്കുന്ന നാള്. കാവുകളിലും തറവാടുകളിലും പഴയ വിശ്വാസങ്ങള്‍ വീണ്ടും ഉണരുന്ന നാള്. കൃഷിയെയും കന്നുകാലികളെയും ജീവിതത്തിന്റെ ഭാഗമായിക്കണ്ട ഒരു ജനതയുടെ പ്രകൃതിസ്നേഹവും ആരാധനാഭാവവും ഒരുമിച്ചുചേരുന്ന നാള്. ആ വിശ്വാസത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ ആവിഷ്കാരങ്ങളിലൊന്നാണ് കാലിച്ചാനൂട്ട്.
കാസര്‍കോടിന്റെയും കണ്ണൂരിന്റെയും ഗ്രാമീണ ജീവിതത്തില്‍ വേരുകളാഴ്ത്തിയ ഈ അനുഷ്ഠാനം ഒരു ദേവതയ്ക്കുള്ള നിവേദ്യം മാത്രമല്ല. മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. കന്നുകാലികളെ സമ്പത്തായും സഹജീവികളായും കണ്ടിരുന്ന പഴയ കാര്‍ഷിക സമൂഹത്തിന്റെ ജീവിതദര്‍ശനം കാലിച്ചാനൂട്ടില് തെളിഞ്ഞുനില്ക്കുന്നു.
തുലാം പത്ത് തെയ്യക്കാലത്തിന്റെ തുടക്കവിളികൂടിയാണ്. അനുഷ്ഠാനത്തിന്റെ വരവിളി.
വടക്കേ മലബാറില്‍ തുലാം പത്തിന് പത്താമുദയം അഥവാ തുലാപ്പത്ത് എന്നു പറയുന്നു. തെയ്യങ്ങള്‍ കാവുകളിലേക്കും തറവാടുകളിലേക്കും മടങ്ങിയെത്തുന്ന കളിയാട്ടക്കാലത്തിന്റെ തുടക്കവുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു. മഴക്കാലത്തിന്റെ ഈര്‍പ്പം മണ്ണില്‍ ശേഷിക്കുമ്പോള്‍, പുതിയ കാര്‍ഷിക പ്രതീക്ഷകളുമായി ഗ്രാമം ഉണരുന്നു. പാടങ്ങളും പറമ്പുകളും കന്നുകാലിത്തൊഴുത്തുകളും ജീവിതത്തിന്റെ താളം വീണ്ടെടുക്കുന്നു.പത്താമുദയം സൂര്യാരാധനയുമായും കാര്‍ഷിക വിശ്വാസങ്ങളുമായും ബന്ധപ്പെട്ട ഒരു സവിശേഷ ദിനമാണ്. അന്നത്തെ സൂര്യോദയത്തെ ഐശ്വര്യത്തിന്റെ പ്രതീകമായി കണ്ടിരുന്ന പാരമ്പര്യം വടക്കന്‍ മലബാറിലെ പല ദേശങ്ങളിലും നിലനിന്നിരുന്നു. ചില വീടുകളില്‍ മുറ്റത്ത് ദീപം തെളിച്ച് ഉദയസൂര്യനെ വരവേല്‍ക്കുന്ന പതിവുമുണ്ടായിരുന്നു.ഈ വിശ്വാസാന്തരീക്ഷത്തിലാണ് കാലിച്ചാനൂട്ടിന് പ്രാധാന്യമേറുന്നത്. കന്നുകാലികളുടെ സംരക്ഷകനായ കാലിച്ചാന്‍ ദൈവത്തെ പ്രീതിപ്പെടുത്തി നാടിനും വീടിനും ഐശ്വര്യം നേടുക എന്നതാണ് ഈ അനുഷ്ഠാനത്തിന്റെ പ്രധാന സങ്കല്‍പ്പം. കൃഷിയുടെ അഭിവൃദ്ധിയും കന്നുകാലികളുടെ ആരോഗ്യവും സമ്പല്‍സമൃദ്ധിയും പ്രാര്‍ഥനയുടെ ഭാഗമാകുന്നു.
കാവല്ല, കാലിച്ചാമരം, കാലിച്ചാന്‍ ദൈവത്തിന്റെ ആരാധനാകേന്ദ്രങ്ങളെ പല പ്രദേശങ്ങളിലും കാലിച്ചാന്‍ കാവുകള്‍ എന്നും കാലിച്ചാമരങ്ങള്‍ എന്നും വിളിക്കുന്നു. സാധാരണ ക്ഷേത്രസങ്കല്പ്പങ്ങളില്നിന്ന് വ്യത്യസ്തമായി, പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ആരാധനാസ്ഥലങ്ങളാണ് ഇവയില്‍ പലതും. ഒരു വൃക്ഷവും അതിന്റെ ചുവട്ടിലെ ആരാധനാസ്ഥാനവും ചുറ്റിപ്പറ്റി വളര്‍ന്നുവന്ന വിശ്വാസലോകം.
കാലിച്ചാന്‍ ദൈവത്തിന്റെ അധിവാസമായി കാഞ്ഞിരമരത്തെ സങ്കല്‍പ്പിക്കുന്ന പാരമ്പര്യം ശ്രദ്ധേയമാണ്. മരച്ചുവട്ടില്‍ നിലകൊള്ളുന്ന ദേവസാന്നിധ്യവും കാവിന്റെ പ്രകൃതിദത്തമായ അന്തരീക്ഷവും പഴയ മനുഷ്യന്റെ പ്രകൃതിബന്ധത്തെ ഓര്‍മിപ്പിക്കുന്നു.
കൃഷിയും കന്നുകാലി വളര്‍ത്തലും ജീവിതമാര്‍ഗമായിരുന്ന സമൂഹങ്ങള്‍ക്ക് കാലിച്ചാന്‍ ദൈവം സംരക്ഷണത്തിന്റെ പ്രതീകമായിരുന്നു. കാലിത്തൊഴുത്തില്‍ വളരുന്ന പശുക്കളും കാളകളും കൃഷിപ്പണിക്ക് ആവശ്യമായിരുന്ന മൃഗങ്ങളും കുടുംബത്തിന്റെ നിലനില്‍പ്പുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. കന്നുകാലികള്‍ക്ക് രോഗം വരുന്നതും അവയെ കാണാതാകുന്നതും കുടുംബത്തിന്റെ ജീവിതത്തെ തന്നെ ബാധിച്ചിരുന്ന കാലത്ത്, അവയുടെ സുരക്ഷയ്ക്കായി ഒരു ദൈവസങ്കല്പ്പത്തെ ആശ്രയിക്കുന്നത് സ്വാഭാവികമായിരുന്നു.ഇങ്ങനെ ഒരു സമൂഹത്തിന്റെ ഉപജീവനവും വിശ്വാസവും പ്രകൃതിയും ഒത്തുചേരുന്ന ഇടമായി കാലിച്ചാന്‍ കാവുകള്‍ വളര്‍ന്നു.
വീടുകളില്‍നിന്ന് കാവിലേക്ക്; ഒരു ദേശത്തിന്റെ പങ്കാളിത്തമാണ് കാണുന്നത്.
കാലിച്ചാനൂട്ടിന്റെ പ്രത്യേകത അതില്‍ സമൂഹത്തിനുള്ള പങ്കാളിത്തമാണ്. സമീപവീടുകളില്‍നിന്ന് അരിയും പാലും തേങ്ങയും ശേഖരിച്ച് കാവിലെത്തിക്കുന്നതും അവിടെ നിവേദ്യം തയ്യാറാക്കുന്നതും ഈ ആചാരത്തിന്റെ പരമ്പരാഗത രീതികളില്‍പ്പെടുന്നു. ചില സ്ഥലങ്ങളില്‍ തുലാം പത്തിനും പതിനൊന്നിനും ചടങ്ങുകള്‍ നടക്കാറുണ്ട്.ഓരോ വീട്ടില്‍നിന്നും എത്തുന്ന കാലിച്ചാന്‍ നേദിക്കാനുള്ള വസ്തുക്കള്‍ വെറുമൊരു വഴിപാടല്ല. ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ അടയാളമാണ്. ഒരാളുടെ വയലില്‍ വിളയുന്ന നെല്ലും മറ്റൊരാളുടെ തൊഴുത്തില്‍ വളരുന്ന കന്നുകാലികളും മറ്റൊരു കുടുംബത്തിന്റെ അധ്വാനവും ഒടുവില്‍ ഒരേ കാവിന്റെ മുറ്റത്ത് ഒന്നിക്കുന്നു.
അവിടെ സമ്പന്നനെന്നോ ദരിദ്രനെന്നോ വേര്‍തിരിവില്ലാതെ, ഓരോ വീടും തങ്ങളുടെ പങ്ക് സമര്‍പ്പിക്കുന്നു. പാല്‍ച്ചോറ് ഒരുമിച്ച് ഒരുക്കുകയും ദേവതയ്ക്ക് നിവേദിക്കുകയും ചെയ്യുന്ന ചടങ്ങ് ഗ്രാമീണ ജീവിതത്തിലെ പരസ്പരാശ്രിതത്വത്തിന്റെ പ്രതീകമായി മാറുന്നു.
പഴയകാലത്ത് കൃഷിയിറക്കുന്നതും വിത്തു സൂക്ഷിക്കുന്നതും കന്നുകാലികളെ വളര്‍ത്തുന്നതും എല്ലാം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമായിരുന്നില്ല. നാട്ടുകാരുടെ സഹകരണവും കൂട്ടായ അധ്വാനവും അതിന് ആവശ്യമായിരുന്നു. കാലിച്ചാനൂട്ട് അത്തരം കൂട്ടായ്മയുടെ ഓര്‍മകള്‍ കൂടി പേറുന്നു. ഉണക്കലരിയും പാലും തേങ്ങയും ചേര്‍ന്ന് ഉണ്ടാക്കുന്ന നിവേദ്യം (പാച്ചോറ് )മാണ് കാലിച്ചാനൂട്ടിലെ പ്രധാന ഘടകം. പാചകരീതിയിലും സമര്പ്പണക്രമത്തിലും ദേശത്തിനനുസരിച്ച് വ്യത്യാസങ്ങളുണ്ടാകുന്നു. നിവേദ്യം ഒരുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തന്നെ അനുഷ്ഠാനത്തിന്റെ ഭാഗമാണ്. അരി ശേഖരിക്കുക, ആവശ്യമായ സാധനങ്ങള്‍ ഒരുക്കുക, കാവും പരിസരവും വൃത്തിയാക്കുക, വിറകു ശേഖരിക്കുക, അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുക എന്നിങ്ങനെ ഓരോ ഘട്ടത്തിലും ആചാരനിഷ്ഠയും കൂട്ടായ്മയും പ്രകടമാകുന്നു.
ചിലയിടങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്ന തൊഴുത്തിന്റെ കന്നിമൂല വൃത്തിയാക്കി അവിടെ നിവേദ്യം തയ്യാറാക്കുന്ന പതിവുണ്ട്. കന്നുകാലികള്‍ക്ക് ദീപം കാണിക്കുകയും അവയുടെ തല ഉഴിഞ്ഞ് അനുഗ്രഹം തേടുകയും ചെയ്യുന്ന ആചാരങ്ങളും നിലനില്ക്കുന്നു. കാലിച്ചാന്‍ ദൈവത്തെ തൊഴുത്തിനടുത്തേക്ക് ആനയിക്കുന്ന ചടങ്ങുകളുള്ള ഇടങ്ങളില്‍, തെയ്യത്തിന്റെ സാന്നിധ്യവും അനുഗ്രഹപ്രദാനവും കാലിച്ചാനൂട്ടിന് കൂടുതല്‍ അനുഷ്ഠാനപരമായ മാനം നല്കുന്നു. കൈയിലെ ഓലക്കുടകൊണ്ട് കന്നുകാലികളെ അനുഗ്രഹിക്കുന്ന കാലിച്ചാന്‍ തെയ്യത്തിന്റെ രൂപം ഈ പാരമ്പര്യത്തിന്റെ ശ്രദ്ധേയമായ കാഴ്ചകളിലൊന്നാണ്.
എന്നാല്‍ എല്ലാ കാലിച്ചാന്‍ കാവുകളിലും ഒരേ രീതിയിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്ന് കരുതാനാവില്ല. ഓരോ ദേശത്തിനും അതിന്റേതായ ആചാരക്രമവും തലമുറകളിലൂടെ കൈമാറിയ അനുഷ്ഠാനശീലങ്ങളുമുണ്ട്. കാലിച്ചാന്‍ കന്നുകാലികളുടെ കാവല്‍ദൈവമാണ് കാലിച്ചാന്‍, കാലിച്ചേകോന്‍, കാലിച്ചേകവന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ദേവസങ്കല്‍പ്പം.കാലിമേച്ചുനടന്നിരുന്ന ഒരു സമൂഹം കന്നുകാലികളുടെ രക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള ഉത്തമ കര്‍മ്മമായി കാലങ്ങളായി അനുഷ്ഠിച്ചുപോരുന്നതാണ് കാലിച്ചാനൂട്ട്. കാഞ്ഞങ്ങാട് സൗത്ത് കാലിച്ചാമരത്തിങ്കാല്, ആലയി പൂവത്തടി കാലിച്ചാമരം. ആലയി പട്ടുവക്കാരന്‍ തറവാട് കാലിച്ചാന്‍ കാവ്, മടിക്കൈ കളത്തിങ്കാന് കാലിച്ചാമരം, വേലാശ്വരം കാലിച്ചാന്‍ ദേവസ്ഥാനം തുടങ്ങീ വിവിധ കാലിച്ചാമരങ്ങളില് കാലിച്ചാനൂട്ട് നടന്നു.കാലിച്ചാനൂട്ടും കാലിച്ചാന്തെയ്യവും നടത്തിയിരുന്ന കാലിച്ചാമരങ്ങളും മേപ്പാറകളിലെ മേച്ചില്‍ പുറങ്ങളില്‍ പലതും കാലികളും കാലിച്ചെക്കന്മാരുമില്ലാതെ അനാഥമായി. തട്ടകെട്ടി മണിനാദം മുഴക്കി നടന്നിരുന്ന കാലിക്കൂട്ടങ്ങള്‍ തന്നെ തീരെ ഇല്ലാതായി എന്നുതന്നെ പറയാം.

