കായികമേള: അവസാന ദിനത്തില്‍ റെക്കോര്‍ഡ് പെരുമഴ

നീലേശ്വരം: കായികമേളയുടെ അവസാന ദിനത്തില്‍ റെക്കോര്‍ഡ് പെരുമഴ. ട്രാക്കിലും ഫീല്‍ഡിലുമായി 26 റെക്കോര്‍ഡുകളാണ് പിറന്നത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കുമ്പള ജിഎച്ച്എസ്എസിലെ കെ. മുഹമ്മദ് ഷായന്‍ 23.47 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോര്‍ഡിട്ടു. പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസിലെ ഇബ്രാഹിം അഫ്‌നാസിന്റെ 23.53 സെക്കന്‍ഡ് എന്ന 2025ലെ റെക്കോര്‍ഡാണ് മറികടന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ എസ്.കെ. ശ്രീലക്ഷ്മി 28.22 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. ചീമേനി ജിഎച്ച്എസ്എസിലെ സി. ദിവ്യയുടെ 29.60 സെക്കന്‍ഡ് എന്ന 2023ലെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കൊടക്കാട് കെഎംവിഎച്ച്എസ്എസിലെ എം. കൃഷ്ണപ്രിയ 6 മിനുട്ട് 02.59 സെക്കന്‍ഡില്‍ റെക്കോര്‍ഡിട്ടു. പരപ്പ ജിഎച്ച്എസ്എസിലെ കെ.വി. ലിഥികയുടെ 6:05.56 എന്ന 2024ലെ റെക്കോര്‍ഡാണ് മറികടന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാക്കം ജിഎച്ച്എസ്എസിലെ എസ്. അവന്തിക 5:32.27 മിനുട്ടില്‍ ഫിനിഷ് ചെയ്തു. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ എം.കെ. ഹുസ്‌ന ഫാത്തിമയുടെ 5:38.58 എന്ന 2025ലെ റെക്കോര്‍ഡാണ് തകര്‍ത്തത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കുമ്പള ജിഎച്ച്എസ്എസിലെ ജോസ്വിന്‍ ഡിസൂസ 4:30.00 മിനുട്ടില്‍ റെക്കോര്‍ഡ് കുറിച്ചു. കൈക്കോട്ടുകടവ് പിഎംഎസ്എപിടി വിഎച്ച്എസ്എസിലെ മുഹമ്മദ് ദര്‍വേഷ് ഇബ്രാഹിമിന്റെ 4:31.53 എന്ന 2023ലെ റെക്കോര്‍ഡാണ് മറികടന്നത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ എം.വി. സന രാഗ് 1:17.78 മിനുട്ടില്‍ റെക്കോര്‍ഡിട്ടു. പാലാവയല്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ആദിത്യ ബിജുവിന്റെ 1:18.31 എന്ന 2023ലെ റെക്കോര്‍ഡ് മറികടന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മഞ്ചേശ്വരം എസ്എടി എച്ച്എസ്എസിലെ മൊയ്തീന്‍ അസ്മാന്‍ 44.42 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡ് സ്ഥാപിച്ചു. ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസിലെ എം. അശ്വിന്റെ 43.34 മീറ്റര്‍ എന്ന 2023ലെ റെക്കോര്‍ഡാണ് തകര്‍ത്തത്.
സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ചായ്യോത്ത് ജിഎച്ച്എസ്എസിലെ എം.ആര്‍. അഭിനന്ദ് 1.75 മീറ്റര്‍ ചാടി റെക്കോര്‍ഡിട്ടു. പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസിലെ സയ്യിദ് മുഹമ്മദ് സയ്ദ് തങ്ങളുടെ 1.70 മീറ്റര്‍ എന്ന 2025ലെ റെക്കോര്‍ഡ് മറികടന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ പാലാവയല്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ വിഷ്ണു മോഹന്‍ 27:24.53 മിനുട്ടില്‍ റെക്കോര്‍ഡ് കുറിച്ചു. ബേത്തൂര്‍പാറ ജിഎച്ച്എസ്എസിലെ കെ. ശ്രീലാലിന്റെ 29:34.41 എന്ന 2023ലെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3 കിലോമീറ്റര്‍ നടത്തത്തില്‍ മംഗല്‍പാടി ജിഎച്ച്എസ്എസിലെ സന 18:31.85 മിനുട്ടില്‍ റെക്കോര്‍ഡിട്ടു. കൊടക്കാട് കെഎംവിഎച്ച്എസ്എസിലെ എം. കൃഷ്ണപ്രിയയുടെ 19:05.20 എന്ന 2025ലെ റെക്കോര്‍ഡ് മറികടന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഉദിനൂര്‍ ജിഎച്ച്എസ്എസിലെ എം.വി. കൃഷ്ണവേണി 1.41 മീറ്ററില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. കുണ്ടംകുഴി ജിഎച്ച്എസ്എസിലെ എം. സഞ്ജനയുടെ 1.34 മീറ്റര്‍ റെക്കോര്‍ഡ് തകര്‍ത്തു. 800 മീറ്ററില്‍ പാലാവയല്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ഇ. നന്ദന 2:50.53 മിനുട്ടില്‍ റെക്കോര്‍ഡിട്ടു. രാജപുരം ഹോളിഫാമിലി എച്ച്എസ്എസിലെ താരം ജാവലിന്‍ ത്രോയില്‍ 25 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡ് സ്ഥാപിച്ചു. ഷേണി എസ്എച്ച്എസിലെ ആയിഷത്ത് മുബഷിറയുടെ 23.25 മീറ്റര്‍ എന്ന 2025ലെ റെക്കോര്‍ഡ് മറികടന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ എസ്.കെ. ശ്രീലക്ഷ്മി 13.79 സെക്കന്‍ഡില്‍ റെക്കോര്‍ഡ് കുറിച്ചു.

 

error: Content is protected !!