നീലേശ്വരം: സ്കൂള് കായികമേളയില് 4×100 മീറ്റര് റിലേയില് റെക്കോര്ഡ് പെരുമഴ. പൂര്ത്തിയായ നാല് മത്സരങ്ങളിലും പുതിയ മീറ്റ് റെക്കോര്ഡ് പിറന്നു. സബ്ജൂനിയര് ആണ്കുട്ടികളുടെ വിഭാഗത്തില് മഞ്ചേശ്വരം ഉപജില്ലയുടെ എസ്.അദ്വൈത്, ഫ്ളൈസണ് ഡിസൂസ, മുഹമ്മദ് ഹാഫില്, മുഹമ്മദ് സൂഫിയാന്, മുഹമ്മദ് അബ്ദുള് റഹ്മാന് എന്നിവരടങ്ങിയ ടീം 52.72 സെക്കന്ഡ് കൊണ്ട് ഓടിയെത്തി. 2024ല് കുമ്പള ഉപജില്ലയുടെ 53 സെക്കന്ഡ് എന്ന റെക്കോര്ഡാണ് അവര് തകര്ത്തത്. സബ്ജൂനിയര് പെണ്കുട്ടികളുടെ വിഭാഗത്തില് കാസര്കോട് ഉപജില്ലയുടെ എ.ശിവന്യ, വൈഗ കെ.ചന്ദ്രന്, വി.വി.ദേവിതന്മയ, എ.ഇഷനന്ദ, ആയിഷത്ത് ഹിസാന, പി.ദേവ്ന എന്നിവരടങ്ങിയ ടീം 58.72 സെക്കന്ഡില് ഫിനിഷ് ചെയ്തു. 2024ലെ ചെറുവത്തൂര് ഉപജില്ലയുടെ 58.85 എന്ന റെക്കോര്ഡ് ആണ് മറികടന്നത്. ജൂനിയര് ആണ്കുട്ടികളുടെ വിഭാഗത്തില് അന്സില് അബ്ബാസ്, ജോസ്വിന് ഡിസൂസ, മുഹമ്മദ് ഷായന്, അബ്ദുള് റഹ്മാന് നിഹാല്, ശ്രീജിത്, അതുല്രാജ് എന്നിവരടങ്ങിയ കുമ്പള ഉപജില്ല ടീം 47.28 സെക്കന്ഡില് ഓടിയെത്തി. 2024ലെ ചിറ്റാരിക്കാല് ഉപജില്ലയുടെ 48 സെക്കന്ഡ് എന്ന റെക്കോര്ഡാണ് അവര് മറികടന്നത്.
ജൂനിയര് പെണ്കുട്ടികളുടെ വിഭാഗത്തില് ആയിഷത്ത് ഫിദ, ഫാത്തിമതത്ത് സഹല, ഉമൈബ റാസ, പി.ആര്യാകൃഷ്ണ, ഇ.ആതിര, ശ്രീനിധി ആര്.നായര് എന്നിവരടങ്ങിയ ടീം 57.97 സെക്കന്ഡില് ഫിനിഷ് ചെയ്തു. 2024ലെ കാസര്കോട് ഉപജില്ലയുടെ തന്നെ 58 സെക്കന്ഡ് എന്ന റെക്കോര്ഡാണ് ഇവര് മറികടന്നത്.
ഇതുകൂടാതെ സബ്ജൂനിയര് പെണ്കുട്ടികളുടെ 200 മീറ്റര് ഓട്ടത്തില് ചെമ്മനാട് ജിഎച്ച്എസ്എസിലെ എ.ശിവന്യ 29.40 സെക്കന്ഡ് കൊണ്ട് ഓടിയെത്തി റെക്കോര്ഡിട്ടു. 2023ല് കാഞ്ഞങ്ങാട് ദുര്ഗ എച്ച്എസ്എസിലെ എസ്.കെ.ശ്രീലക്ഷ്മി സ്ഥാപിച്ച 29.64 സെക്കന്ഡിന്റെ റെക്കോര്ഡാണ് പഴങ്കഥയായത്.
